കൊച്ചി: ഗതാഗതക്കുരുക്കിൽ ജനം നട്ടംതിരിയുമ്പോഴും പരിഹാരമൊരുക്കാതെ അധികൃതർ. നാളുകളായി ജില്ലയിലെ പ്രധാന പട്ടണങ്ങളെല്ലാം രൂക്ഷമായ ഗതാഗതക്കുരുക്കിലാണ്. നഗര പ്രദേശങ്ങളിലെത്തിയാൽ പോയന്റ് കടക്കണമെങ്കിൽ സമയമേറെ എടുക്കുമെന്നതാണ് അവസ്ഥ. എറണാകുളം നഗരത്തിന് പുറമേ ജില്ലയിലെ പ്രധാന നഗരങ്ങളായ ആലുവ, കളമശ്ശേരി, കാലടി, പെരുമ്പാവൂർ, മൂവാറ്റുപുഴ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെല്ലാം ഇതുതന്നെയാണ് സ്ഥിതി. ജനം ദുരിതത്തിൽ വലയുമ്പോഴും പരിഹാരം കാണേണ്ട അധികൃതർ കൈമലർത്തുകയാണ്.
കുരുക്കിൽ ഇഴഞ്ഞ് കൊച്ചി നഗരം
ആഴ്ചകളായി കൊച്ചി നഗരത്തിൽ യാത്രക്കാരുടെ മനംമടുപ്പിക്കുന്ന രീതിയിലാണ് ഗതാഗതക്കുരുക്ക്. തിരക്കേറിയ രാവിലെയും വൈകുന്നേരവും കുരുക്കിൽ മണിക്കൂറുകളോളമാണ് യാത്രക്കാർ കിടക്കുന്നത്. വൈകുന്നേരങ്ങളിൽ സൗത്തിൽനിന്ന് വൈറ്റില കടക്കാൻ എടുക്കുന്നത് ഏകദേശം ഒരുമണിക്കൂറാണ്.
ഇത് കിഴക്കൻ മേഖലയിലേക്കുള്ള യാത്രക്കാരെയാണ് വലക്കുന്നത്. കൊച്ചി മെട്രോയുടെ ഭാഗമായി നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇടപ്പള്ളി-കാക്കനാട് റോഡുകളിലും കുരുക്കൊഴിഞ്ഞ നേരമില്ല. വൈറ്റില, പാലാരിവട്ടം മേൽപാലങ്ങളും മെട്രോ സംവിധാനങ്ങളും നഗരത്തിലെ ഗതാഗതക്കുരുക്കിന് ശമനമുണ്ടാക്കുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. സാധാരണ ഉത്സവ സീസണുകളിൽ രൂപപ്പെട്ടിരുന്ന നീണ്ട കുരുക്കാണ് ഇപ്പോൾ ദിവസേന നഗരത്തിലുണ്ടാകുന്നത്
കാണാനില്ല, ട്രാഫിക് പൊലീസിനെ
നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും നിയന്ത്രിക്കേണ്ട പൊലീസ് സംവിധാനം നിർജീവമാണ്. രാവിലെ സമയത്ത് ഏതാനും പോയന്റുകളിൽ ഹോം ഗാർഡുകളെ നിർത്തുന്നതൊഴിച്ചാൽ തിരക്കും കുരുക്കുമേറിയ വൈകുന്നേരങ്ങളിൽ നിരത്തുകളിൽ പൊലീസേ ഉണ്ടാകാറില്ല. ഇതാണ് വാഹനങ്ങളുടെ അലക്ഷ്യമായ ഡ്രൈവിങ്ങിനും അനിയന്ത്രിതമായ ബ്ലോക്കിനും കാരണമാകുന്നത്. പൊലീസ് സംവിധാനം കാര്യക്ഷമമായി ഗതാഗത നിയന്ത്രണത്തിനിറങ്ങുന്ന വേളകളിൽ കുരുക്കിന് ശമനമുണ്ടാകാറുണ്ട്. എന്നാൽ, ഉദ്യോഗസ്ഥ ക്ഷാമവും മറ്റും ചൂണ്ടിക്കാട്ടിയാണ് പൊലീസ് നിരത്തുകളിൽനിന്ന് പിൻവാങ്ങുന്നത്.
കുരുക്കൊഴിയാതെ ആലുവയും പെരുമ്പാവൂരും
കൊച്ചി നഗരത്തിന് പുറമേ ഉപ നഗരങ്ങളായ ആലുവയും പെരുമ്പാവൂരും രൂക്ഷമായ ഗതാഗതക്കുരുക്കാണ് നേരിടുന്നത്. മാർത്താണ്ഡവർമ പാലത്തിന്റെ വീതിക്കുറവാണ് ആലുവയിൽ കുരുക്കിന് പ്രധാന കാരണമെങ്കിൽ നഗര റോഡുകളുടെ വീതിക്കുറവാണ് പെരുമ്പാവൂരിലെ തലവേദന.
ആലുവ-മൂന്നാർ റോഡിലെ ശോച്യാവസ്ഥയും ജൽജീവൻ മിഷൻ നിർമാണ പ്രവൃത്തികളും ഇവിടങ്ങളിൽ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. നഗരത്തിലേക്കെത്താനോ പുറത്ത് കടക്കാനോ കാര്യമായ ഇടറോഡുകൾ ഇല്ലാത്തതിനാൽ മുഴുവൻ വാഹനങ്ങളും ടൗണിൽ കേന്ദ്രീകരിക്കുന്നതാണ് പെരുമ്പാവൂരിലെ പ്രശ്നം. ബൈപാസ് യാഥാർഥ്യമായാൽ മാത്രമേ ഇതിന് പരിഹാരമാകൂ. ശങ്കര പാലത്തിലെ അറ്റകുറ്റപ്പണികൾ കഴിഞ്ഞതോടെ കാലടിയിൽ കുരുക്കിന് കുറവുണ്ടെങ്കിലും പാലവും റോഡും ചേരുന്ന ഭാഗങ്ങളിൽ ടാർ ഇളകാൻ തുടങ്ങിയതോടെ പ്രശ്നമാരംഭിച്ചിട്ടുണ്ട്.
ടൗൺ വികസനത്തിൽ കുരുങ്ങി മൂവാറ്റുപുഴ
എങ്ങുമെത്താത്ത ടൗൺ റോഡ് വികസനമാണ് മൂവാറ്റുപുഴയിൽ കുരുക്ക് സൃഷ്ടിക്കുന്നതിൽ വില്ലൻ. നിർമാണ പ്രവർത്തനങ്ങളുടെ പേരിൽ നടന്ന പ്രവർത്തികൾ റോഡ് ശോച്യാവസ്ഥ രൂക്ഷമാക്കി.
കുഴികൾ രൂപപ്പെട്ടത് ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. പ്രതിഷേധങ്ങൾക്കൊടുവിൽ കുഴികളടച്ചെങ്കിലും കുരുക്കിന് കുറവില്ല. ഇവിടെയും ഉപറോഡുകളുടെ കുറവാണ് പ്രശ്നം സൃഷ്ടിക്കുന്നത്. പ്രധാന ഉപറോഡായ കിഴക്കേക്കര-ആശ്രമം റോഡ് ശോച്യാവസ്ഥയിലായിട്ട് നാളേറെയായി. മുറിക്കല്ല് പാലം പൂർത്തീകരണവും അനിശ്ചിതമായി നീളുകയാണ്.