മൂവാറ്റുപുഴ: സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനത്തെ ആദ്യ നഗരമായി മൂവാറ്റുപുഴ നഗരസഭയെ പ്രഖ്യാപിച്ചു. പ്രത്യേക കൗൺസിൽ യോഗത്തിൽ നഗരകാര്യ ജോയിന്റ് ഡയറക്ടർ വി. പ്രദീപ് കുമാറാണ് പ്രഖ്യാപനം നടത്തിയത്. ചെയർമാൻ പി.പി. എൽദോസ് അധ്യക്ഷത വഹിച്ചു.
ദൈനംദിന സര്‍ക്കാര്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങളിൽ പങ്കാളികളാകുന്നതിനുമായി സർക്കാർ ആവിഷ്ക്കരിച്ച സമ്പൂർണ ഡിജിറ്റല്‍ സാക്ഷരത പദ്ധതിയാണ് നഗരസഭ വിജയകരമായി നടപ്പാക്കിയത്. ജൂൺ 25നാണ് നഗരസഭയിൽ പദ്ധതിക്ക് തുടക്കം കുറിച്ചത്. 50 ദിവസം കൊണ്ട് ലക്ഷ്യം കൈവരിച്ചു.
ഡി.ജി കേരള കോഓഡിനേറ്ററും മാസ്റ്റർ ട്രെയിനറുമായ പി. രജിതയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.
ആദ്യം നഗരസഭ പരിധിയിലെ മുഴുവൻ ജനങ്ങളെയും സംബന്ധിച്ച് വിവരം ശേഖരിച്ചു. 8328 വീടുകളിൽ ആൾതാമസമുളള 7854 വീട്ടിൽ നടത്തിയ സർവേയിൽ 14നും 64നും ഇടയിലുളള 1806 പേർ ഡിജിറ്റൽ സാക്ഷരരല്ലന്ന് കണ്ടെത്തി.
തുടർന്ന് 28 വാർഡിലും ക്ലാസ് സംഘടിപ്പിച്ചു. കിടപ്പ് രോഗികൾ, വയോധികർ തുടങ്ങിയവർക്കും പരിശീലനം നൽകി.മൂന്ന് മൊഡ്യൂളുകളിലായി 15 കാര്യങ്ങളിലാണ് പരിശീലനം നൽകിയത്. 350 വളന്റിയർമാരാണ് പദ്ധതിക്കായി പ്രവർത്തിച്ചത്.