ആലുവ: മുല്ലപെരിയാർ വിഷയത്തിൽ കോടതിയിൽ തമിഴ്നാടിന്റെ വാദങ്ങൾ ജയിക്കാനാണ് കേരള സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുല്ലപെരിയാർ ഏകോപന സമിതി ചെയർമാൻ അഡ്വ. റസ്സൽ ജോയ്. മുല്ലപെരിയാർ ഏകോപന സമിതി നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടക്കമായി ആലുവയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുല്ലപെരിയാർ ഡാം ഡീകമിഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുല്ലപെരിയാർ ഏകോപന സമിതി ജനകീയ പ്രതിഷേധം നടത്തും. മാറി മാറി വന്ന സർക്കാരുകൾ രാഷ്ട്രീയ നേട്ടത്തിന് മാത്രമാണ് മുല്ലപ്പെരിയാറിനെ ഉപയോഗിച്ചതെന്നും റസ്സൽ ജോയ് പറഞ്ഞു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപെരിയാർ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് ഏകോപന സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ആഗസ്ത് 15ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. പെരിയാറിന് കുറുകയുള്ള പാലങ്ങളിൽ ജനങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധം നടത്താനാണ് മുല്ലപെരിയാർ ഏകോപന സമിതി ഒരുങ്ങുന്നത്.