കൊച്ചി: ലഗേജിൽ എന്താണെന്ന ചോദ്യത്തിന് ബോംബ് എന്ന് തമാശക്ക് മറുപടി നൽകിയ യാത്രക്കാരൻ അറസ്റ്റിലായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുംബൈയിലേക്ക് പോകാനെത്തിയ മനോജ് കുമാർ എന്നയാളാണ് അറസ്റ്റിലായത്.
ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ, തമാശയായി പറഞ്ഞതെന്നാണ് മൊഴി നൽകിയത്. എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ യാത്രക്കെത്തിയത്. സെക്യൂരിറ്റി ചെക്കിങ്ങിന്‍റെ സമയത്തായിരുന്നു ഇയാളുടെ ബോംബ് തമാശ. കൂടുതൽ പരിശോധനക്ക് ശേഷം ഇയാളെ പൊലീസിന് കൈമാറി.
കഴിഞ്ഞ ദിവസവും സമാന സംഭവം കൊച്ചി വിമാനത്താവളത്തിൽ നടന്നിരുന്നു. ആഫ്രിക്കയിൽ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്ത് എന്നയാളാണ് ലഗേജിൽ ബോംബാണെന്ന് തമാശയായി പറഞ്ഞത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പോകേണ്ടിയിരുന്ന വിമാനം രണ്ട് മണിക്കൂർ വൈകുകയും ചെയ്തിരുന്നു.