മൂവാറ്റുപുഴ: കാലവർഷം ശക്തമായതോടെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന നഗരത്തിലെ കോർ മലയിൽ വ്യാഴാഴ്ച കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ ഉന്നതതലസംഘം സന്ദർശിക്കും.
രാവിലെ 9.30ഓടെ തിരുവനന്തപുരത്തുനിന്ന് എത്തുന്ന ഉന്നതതല സംഘം മല സന്ദർശിച്ച് പരിശോധന നടത്തും.
മല ഏതുനിമിഷവും വീണ്ടും തകരുമെന്ന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ പരാതിയെത്തുടർന്നാണ് വിദഗ്ധ സംഘം പരിശോധന നടത്തുന്നത്.
ഇവിടുത്തെ അപകട ഭീഷണി ഒഴിവാക്കുന്നതിനുള്ള ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് മുൻകാലങ്ങളിൽതന്നെ ജില്ല വികസന സമിതി യോഗങ്ങളിലും റവന്യൂ അധികൃതരോടും മന്ത്രിയോടും നിരവധി തവണ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, വയനാട്ടിൽ മുണ്ടക്കൈയിലുണ്ടായ സംഭവത്തിന്റെകൂടി പശ്ചാത്തലത്തിൽ മൂവാറ്റുപുഴയെ കാത്തിരിക്കുന്ന വലിയ ദുരന്തം ഒഴിവാക്കുന്നതിന് അധികാരികൾ മുൻകൂട്ടി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഉന്നതതലസംഘം വ്യാഴാഴ്ച വെള്ളൂർക്കുന്നം കോർമല സന്ദർശിക്കുന്നത്.
മല ഇടിഞ്ഞത് പാതിരാത്രിയിൽ
2015 ജൂലൈ അഞ്ചിലെ കനത്ത മഴയിലാണ് നഗരമധ്യത്തിലെ കോർമല കുന്ന് ഇടിഞ്ഞ് എം.സി റോഡിൽ പതിച്ചത്. നഗരത്തെയാകെ ഭീതിയിലാക്കി രാത്രിയിലാണ് നൂറടി ഉയരത്തിൽനിന്ന് കോർമലയിടിഞ്ഞത്. മണ്ണിടിച്ചിലുണ്ടായ ദിവസത്തെ സ്ഥിതിയിൽതന്നെയാണിപ്പോഴും കുന്ന്. അന്ന് എം.സി റോഡരികിലെ കൂറ്റൻ കെട്ടിടങ്ങൾ അടക്കം മണ്ണിനടിയിൽപെട്ടിരുന്നു. അന്ന് പൊളിഞ്ഞ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾപോലും ഇവിടെനിന്ന് മാറ്റിയിട്ടില്ല. പ്രദേശമാകെ ഭീഷണി നിലനിർത്തി കോർമലയിലെ ഇടിഞ്ഞ ഭാഗത്തിന് തൊട്ടുചേർന്ന് വാട്ടർ അതോറിറ്റിയുടെ ജലസംഭരണിയും ബലക്ഷയത്തോടെതന്നെ നിലനിൽക്കുന്നു. ജലസംഭരണിയിൽ നിറക്കുന്ന ജലം അപ്പപ്പോൾതന്നെ വിതരണം ചെയ്യുന്നതാണ് ആകെ എടുത്തിരിക്കുന്ന മുൻകരുതൽ.
10 വർഷം മുമ്പ് ശക്തമായ മഴയിൽ എം.സി റോഡിലേക്ക് ഇടിഞ്ഞുവീണ കോർമല ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നുണ്ടന്നതാണ് വസ്തുത. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ടാങ്കും ഐ.ബിയുമടക്കം സ്ഥിതി ചെയ്യുന്ന മല മണ്ണിടിച്ചിലിനെ തുടർന്ന് സംരക്ഷണഭിത്തി കെട്ടി സുരക്ഷിതമാക്കുമെന്ന പ്രഖ്യാപനം നടന്നിട്ടും വർഷങ്ങൾ കഴിഞ്ഞു. എം.സി റോഡിന് സമാന്തരമായി ഐ.ടി.ആർ ജങ്ഷൻ മുതൽ എൻ.എസ്.എസ് കവല വരെ ഒരു കിലോമീറ്ററോളം ദൂരത്തിൽ നഗരത്തിൽ സ്ഥിതി ചെയ്യുന്ന കുന്നിന്റെ ഒരു ഭാഗം നൂറടിയിലേറെ ഉയരത്തിൽനിന്ന് ഇടിഞ്ഞ് എം.സി റോഡിലേക്ക് പതിക്കുകയായിരുന്നു.
മഴ ശക്തമാകുന്നതോടെ ഇടക്കിടെ ചെറിയതോതിൽ ഇടിഞ്ഞുകൊണ്ടിരിക്കുന്ന കോർമലയിലെ മണ്ണിടിച്ചിൽ മഴ കനക്കുന്നതോടെ രൂക്ഷമാകുമെന്ന ഭീതിയിലാണ് ജനം കഴിഞ്ഞുവരുന്നത്. ചെറിയതോതിൽ മണ്ണ് ഇടിയുന്ന മല സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പലവട്ടം അധികൃതരോട് പരാതി പറഞ്ഞെങ്കിലും സുരക്ഷാ നടപടികളൊന്നുമെടുത്തിട്ടില്ല. മണ്ണിടിച്ചിലിനെ തുടർന്ന് റവന്യൂ, ജല അതോറിറ്റി, ജിയോളജി വകുപ്പ് അധികൃതർ പരിശോധന നടത്തി ഉദ്യോഗസ്ഥർ റിപ്പോർട്ട് തയാറാക്കിയെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും നടപടികളായിട്ടില്ല. കോർമലയ്ക്ക് സംരക്ഷണഭിത്തി ഉടൻ നിർമിക്കുമെന്നും മലയിൽ ഭീഷണിയിൽ കഴിയുന്ന കുടുംബങ്ങൾക്ക് സ്ഥലവും വീടും കണ്ടെത്തി നൽകുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ, ഇവർ ഇപ്പോഴും കോർമലയിൽതന്നെ കഴിയുകയാണ്.