ആലുവ: ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിവന്ന യുവതി ഉൾപ്പെടെ ആറുപേരെ ആറര കിലോ കഞ്ചാവുമായി പിടികൂടി. തൃശൂർ പഴഞ്ഞി പൊന്നാനംകാട് വീട്ടിൽ ഹബീബ് (24), ഗുരുവായൂർ ഇരിങ്ങാപ്പുറം കറുപ്പംവീട്ടിൽ സുൽഫത്ത് (20), കിഴക്കമ്പലം പുക്കാട്ടുപടി പാറയിൽ വീട്ടിൽ അമൽ ജോസഫ് (28), എടത്തല കുഴിവേലിപ്പടി പ്ലാമൂട്ടിൽ വീട്ടിൽ സുധി സാബു (24), എടത്തല കുഴിവേലിപ്പടി പ്ലാമൂട്ടിൽ വീട്ടിൽ സുജിത് സാബു (22) കുന്നംകുളം കരിക്കാട് പുത്തേഴത്തിൽ വീട്ടിൽ അബു താഹിർ (24) എന്നിവരെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഏലൂക്കര ഭാഗത്ത് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ അമിതവേഗത്തിൽ വന്ന കാർ നിർത്താതെ പോയി. മറ്റൊരു വാഹനം പരിശോധിക്കുന്നത് കാറിലുള്ളവർ തിരിഞ്ഞുനോക്കിയാണ് പോയത്. ഈ വാഹനം ഓടിച്ചിരുന്ന ആളെയും കൂട്ടി പൊലീസ് സംഘം, കാർ പിന്തുടർന്ന് ഏലൂക്കരയിലെ വീട്ടിൽ എത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
ഇവർ ഒരു മാസമായി വീട് വാടകക്കെടുത്താണ് താമസം. ഒരു പ്രമുഖ ഓൺലൈൻ വിതരണ ശൃംഖലയിലെ കരാർ ജീവനക്കാരാണിവർ. ഇതിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. കൊച്ചിയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. യുവതിയെ മുൻസീറ്റിലിരുത്തിയാണ് യാത്ര. ഇത് പരിശോധന ഒഴിവാക്കാനുള്ള തന്ത്രമാണെന്ന് ഇവർ പറഞ്ഞു. പിടിയിലായവരിൽ സുജിത്, സാബു എന്നിവർക്കെതിരെ മുമ്പും കേസുകളുണ്ട്.