മുവാറ്റുപുഴ: കാട്ടനാകളെ നേരിടാൻ ആർ.ആർ.ടി സംഘം രൂപീകരിക്കുമെന്ന് നിയമസഭയിൽ ഡോ. മാത്യു കുഴൽനാടൻ എം.എൽ.എക്ക് മന്ത്രി ഉറപ്പുനൽകി. എം .എൽ .എ അവതരിപ്പിച്ച സബ്മിഷനാണ് മന്ത്രി മറുപടി നൽകിയത്.
കഴിഞ്ഞ മാർച്ചിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വീട്ടമ്മയുടെ മൃതദേഹവുമായി കോതമംഗലത്ത് നടത്തിയ സമരത്തിന്റെ തുടർച്ചയായാണ് വിഷയം നിയമസഭയിൽ ഉന്നയിച്ചത്. സമരം അവസാനിപ്പിക്കാൻ വനം മന്ത്രി ആർ.ആർ.ടി സംഘം രൂപീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. മനുഷ്യ-വന്യമൃഗ സംഘർഷം ലഘുകരിക്കുന്നതിനാണ് നടപടി. ഇതോടൊപ്പം 24 മണിക്കൂർ പ്രവർത്തനസജ്ജമായ എമർജൻസി ഓപ്പറേഷൻ സെന്റർ ആരംഭിക്കുന്നതിനും സർക്കാർ നടപടികൾ തുടങ്ങി. സ്വാഭാവിക ആവാസ വ്യവസ്ഥ നിലനിർത്തിയുള്ള പദ്ധതികളാണ് കാട്ടനാ ശല്യം നേരിടുന്നതിന് തയ്യാറാക്കുന്നത്. ആന ശല്യം രൂക്ഷമായ ഇടങ്ങളിൽ നിലവിൽ വാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്. തലക്കോട് മുള്ളരിങ്ങാട് റോഡിന്റെ ഇടതുവശത്തായി സൗരോർജ്ജ വേലി സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചു. റോഡിന്റെ വലതു ഭാഗത്താണ് കാട്ടനാ ശല്യം ഏറ്റവും രൂക്ഷമായിട്ടുള്ളത്. അതിനാൽ റോഡിന്റെ ഇടതു വശത്തു മൂന്നു കിലോമീറ്റർ സൗരോർജ്ജ വേലി സ്ഥാപിച്ചു കഴിഞ്ഞു.
ഇനി 1.5 കിലോമീറ്റർ തൂക്കു വേലി ഇവിടെ സ്ഥാപിക്കേണ്ടതുണ്ട്. രാഷ്ട്രീയ കൃഷി വികാശ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി യഥാർഥ്യമാക്കും. ഇഞ്ചപതാകൾ – പട്ടയിടമ്പിൽ പ്രദേശത്ത് നാലു കിലോമീറ്ററും അകമാനം – കമ്പിലൈൻ ഭാഗത്ത് രണ്ടു കിലോമീറ്ററും വലിയ ക്ണാച്ചേരി മുതുവാൻപ്പാറ മുത്തനാംകുഴി ആനന്ദൻ കുടി ഭാഗത്ത് 4.25 കിലോമീറ്ററും കരിമണൽ പുഴ മുതൽ ഹാങ്ങിഗ് ബ്രിഡ്ജ് വരെ 3.25 കിലോമീറ്ററും നീണ്ടപ്പാറ റോഡരുകിൽ 0.4 കിലോമീറ്റർ ദൂരത്തിലും സൗരോർജ്ജ വേലികൾ സ്ഥാപിക്കും. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവിടെ വേലികൾ സ്ഥാപിക്കുന്നത്. ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതായി മന്ത്രി എ.കെ ശശിന്ദ്രൻ അറിയിച്ചു.
എന്നാൽ ആനകളെ കാട്ടിലേക്ക് തിരികെ അയക്കാതെ സൗരോർജ്ജ വേലികൾ സ്ഥാപിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനം കിട്ടില്ലെന്ന് എം .എൽ .എ നിയമസഭയിൽ പറഞ്ഞു.