പറവൂർ: അവധിക്കാല ആഘോഷങ്ങൾക്കായി ഒത്തുചേർന്ന സഹോദരിമാരുടെ മക്കൾ ചാലക്കുടിയാറിൽ മുങ്ങി മരിച്ച സംഭവം പുത്തൻവേലിക്കര നിവാസികളെ നടുക്കി. ഞായറാഴ്ച രാവിലെ 9.30ന് കോഴിത്തുരുത്ത് പാലത്തിന് സമീപം ചാലക്കുടിയാറിന്റെ കൈത്തോട്ടിൽ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. പുത്തൻവേലിക്കര കുറ്റിക്കാട്ടുപറമ്പിൽ രാഹുലന്റെയും ഇളന്തിക്കര ഹൈസ്കൂളിലെ അധ്യാപിക റീജയുടെയും മകൾ മേഘ (23), റീജയുടെ സഹോദരി ബിൽജയുടെയും കൊടകര വെമ്പനാട്ട് വിനോദിന്റെയും മകൾ ജ്വാലലക്ഷ്മി (13) എന്നിവരാണ് മരിച്ചത്. പിറന്നാൾ ദിനത്തിന്റെ പിറ്റേന്നാണ് ജ്വാലലക്ഷ്മിയുടെ മരണം. മേഘയുടെ സഹോദരി നേഹ ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി.
ചികിത്സയിലുള്ള നേഹ അപകടനില തരണം ചെയ്തു. മൂന്ന് പേർക്കും നീന്തൽ വശമില്ലായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കളായ രണ്ട് കുട്ടികൾ പുഴയിലിറങ്ങിയെങ്കിലും ആഴമേറിയ ഭാഗത്തേക്ക് പോകാതിരുന്നതിനാൽ അപകടത്തിൽപ്പെട്ടില്ല. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സ്കൂബ ടീമിന്റെയും നേതൃത്വത്തിൽ ഒരു മണിക്കൂറിലേറെ തെരച്ചിൽ നടത്തിയ ശേഷമാണ് ജ്വാല ലക്ഷ്മിയെ കണ്ടെത്തിയത്. ചാലാക്ക മെഡിക്കൽ കോളജിലെത്തിച്ച് വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
അൽപസമയം കഴിഞ്ഞാണ് മേഘയുടെ മൃതദേഹം കിട്ടിയത്. മേഘ ഇടപ്പള്ളി കാമ്പയിൻ സ്കൂളിൽ ലൈബ്രേറിയനും ജ്വാലലക്ഷ്മി പേരാമ്പ്ര സെൻറ് ലിയോബ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയുമാണ്. മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി.ജ്വാല ലക്ഷ്മിയുടെ മൃതദേഹം ഞായറാഴ്ച രാത്രി കൊടകരയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
സഹോദരി: ജാനകി ലക്ഷ്മി. മാൾട്ടയിൽ ജോലി ചെയ്യുന്ന മേഘയുടെ സഹോദരി രേഷ്മ ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.30ന് എത്തിയശേഷം മേഘയുടെ സംസ്കാരം നടത്തും. മന്ത്രി പി. രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻ മന്ത്രി എസ്. ശർമ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.വി. പ്രതീഷ്, ജില്ല പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ, പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡൻറ് റോസി ജോഷി എന്നിവർ ആദാരഞ്ജലികൾ അർപ്പിച്ചു.