വൈപ്പിൻ : എറണാകുളം, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മുനമ്പം- അഴീക്കോട് പാലം അടുത്ത വർഷം ഗതാഗത സജ്ജമായേക്കും. ഇതുമായി ബന്ധപ്പെട്ട് കായലിൽ പൈലിങ് പുരോഗമിക്കുകയാണ്. 16 തൂണുകളുടെ പൈലിങ് പൂർത്തിയായി. മുനമ്പം ജെട്ടിയിൽ കരയിലേക്കുള്ള പൈലിങ്ങിനുള്ള തയാറെടുപ്പും തുടങ്ങി. ഇതിനായി മുനമ്പത്തെ ബസ് സ്റ്റാൻഡ് മാറ്റി സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചു.
പാലം യാഥാർത്ഥ്യമാകുമ്പോൾ വൈപ്പിൻകരയിൽ നിന്ന് വടക്കൻ ജില്ലകളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകും. നിലവിലുള്ള റോഡിൽ തിരക്ക് വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കായലോര റോഡോ, തീരദേശ റോഡോ യാഥാർത്ഥ്യമാക്കേണ്ടതുണ്ട്. സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയരമുള്ള വലിയ പാലങ്ങളിലൊന്നാകും മുനമ്പം- അഴീക്കോട് പാലം. പാലം വന്നശേഷം ജലപാത സുഗമമാകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.
പാലത്തിന്റെ വശങ്ങളിലെ ഉയരം എട്ടേകാൽ മീറ്ററാണ്. മത്സ്യബന്ധന യാനങ്ങൾക്ക് നിയമാനുസൃതം നിശ്ചയിച്ച ഉയരം കണക്കിലെടുത്താൽ യാത്രാതടസ്സം ഉണ്ടാകില്ല. എറണാകുളം, തൃശൂർ ജില്ലകളുടെ വികസനത്തിനും പ്രദേശവാസികളുടെ യാത്ര സുഗമമാക്കുന്നതിനും ഉതകുന്ന പാലത്തിന് കിഫ്ബിയുടെ സാമ്പത്തിക പിന്തുണയിൽ 143.28 കോടിയാണ് നിർമാണചിലവ്. മധ്യഭാഗത്ത് ഓരോ വർഷവും ഡ്രഡ്ജിംഗ് നടത്തുന്നതിന് നാലുകോടി രൂപ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
പാലം യാഥാർഥ്യമാകുന്നതോടെ മുനമ്പം ഫിഷിംഗ് മേഖല, ബീച്ച് ടൂറിസം മേഖല എന്നിവ വികസന കുതിപ്പിലേക്ക് നീങ്ങും. വൈപ്പിൻ മണ്ഡലത്തിലെ മുനമ്പത്തെയും കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോടിനെയും ബന്ധിപ്പിച്ച് തീരദേശ ഹൈവേ മാനദണ്ഡങ്ങൾക്കനുസൃതം നിർമ്മിക്കുന്ന പാലത്തിന് 868.7 മീറ്റർ നീളമുണ്ടാകും. ഫുട്പാത്തും സൈക്കിൾ ട്രാക്കും പാലത്തിന്റെ ഭാഗമാണ്. സമയബന്ധിതമായി നിർമാണം പൂർത്തീകരിച്ച് 2025ഓടെ പാലം യാഥാർഥ്യമാക്കുമെന്ന് കയ്പമംഗലം എം.എൽ.എ ഇ.ടി. ടൈസൺ പറഞ്ഞു.