
വാഹനാപകടത്തിൽ മരിച്ച ഡാൻസർ സന്തോഷ് ജോൺ
ചെങ്ങമനാട്: നർത്തകനും സ്റ്റേജ് കലാകാരനുമായ പള്ളിക്കര സ്വദേശി ‘അവ്വയ് സന്തോഷ് ‘ എന്ന സന്തോഷ് ജോൺ (44) വാഹനാപകടത്തിൽ മരിച്ചു. പള്ളിക്കര മോറക്കാല കണ്ടത്തിൽ വീട്ടിൽ പരേതനായ കെ. ജോണിന്റെയും ലീലാമ്മയുടെയും മകനാണ്.
ദേശീയപാതയിൽ ചെങ്ങമനാട് ദേശം കുന്നുംപുറം ടി.വി.എസിന് സമീപം വെള്ളിയാഴ്ച പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. പട്ടാമ്പി ഭാഗത്തെ സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞ് സ്കൂട്ടറിൽ
പള്ളിക്കര ഭാഗത്തേക്ക് വരുമ്പോൾ ടാങ്കർ ലോറിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന. എന്നാൽ ഇത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. റോഡിൽ അവശനിലയിൽ കിടന്ന സന്തോഷിനെ വഴിയാത്രക്കാർ കളമശ്ശേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിനിമക്കാർക്കും ടി.വി താരങ്ങൾക്കുമൊപ്പം നിരവധി പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട് സന്തോഷ്. പതിറ്റാണ്ടുകളായി കലാരംഗത്തുള്ള കുടുംബമാണ് സന്തോഷിന്റേത്. ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. സന്തോഷും അമ്മ ലീലാമ്മയും ചേർന്ന് അവതരിപ്പിക്കുന്ന ഡാൻസ് പരിപാടികൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. 64കാരിയായ ലീലാമ്മയെ ‘ഡാൻസർ വൈറൽ ലീലാമ്മ’ എന്നാണറിയപ്പെടുന്നത്.ഭാര്യ: ഷീന. മക്കൾ: അലീന, ജോണൽ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കിഴക്കമ്പലം സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.