
മൂവാറ്റുപുഴ നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ എ.ഇക്ക് മുന്നിൽ റീത്ത് െവച്ച് പ്രതിഷേധിക്കുന്നു
മൂവാറ്റുപുഴ : ഉദ്യോഗസ്ഥരില്ല, കുടിവെള്ളവുമില്ല. ജല അതോറിറ്റിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് റീത്ത് വെച്ച് മുനിസിപ്പൽ കൗൺസിലർമാർ.
കുടിവെള്ള പ്രശ്നത്തിന് പരിഹാരം തേടി ചൊവ്വാഴ്ച മൂവാറ്റുപുഴ ജല അതോറിറ്റി ഓഫിസിലെത്തിയ കൗൺസിലർമാരാണ് എ.ഇക്ക് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ചത്.
വാർഡിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം തേടി ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറെ കാണാൻ ഓഫിസിലെത്തിയ കൗൺസിലർമാർ കണ്ടത് ഒഴിഞ്ഞ കസേരകളും, അടച്ചിട്ട ഓഫിസ് മുറികളും. നഗരസഭയിൽ കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് മുനിസിപ്പൽ കൗൺസിലർമാർ മാസങ്ങൾക്ക് മുന്നേ പ്രദേശവാസികളോടൊപ്പം എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചിരുന്നു. തുടർന്ന് മന്ത്രി ഇടപെട്ട് താൽക്കാലികമായി പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥ നിയമനം നടപ്പാക്കാത്തതിലും, നിലവിലുള്ള ഉദ്യോഗസ്ഥർ ഫോണിൽ പ്രതികരിക്കാത്തതിലും പ്രതിഷേധിച്ച് ഇവർ പ്രത്യക്ഷ സമരങ്ങളിലേക്ക് നീങ്ങുകയായിരുന്നു. ജനപ്രതിനിധികൾക്ക് പരാതികൾ നൽകുന്നതിന് ജല അതോറിറ്റിയിലെ ഉദ്യോഗസ്ഥർ തുടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പിൽ പരാതികൾ കുമിഞ്ഞുകൂടിയിട്ടും യാതൊരുനടപടിയും എടുക്കുന്നില്ലെന്ന് കൗൺസിലർമാർ ആരോപിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻ പി.എം. അബ്ദുസ്സലാം, കൗൺസിലർമാരായ ജോയ്സ് മേരി ആന്റണി, അമൽ ബാബു എന്നിവരാണ് പ്രതിഷേധ സമരം നടത്തിയത്. തുടർന്ന് ഉദ്യോഗസ്ഥരുമായി സംസാരിച്ച് പരിഹാരം കാണാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. പ്രധാന ഓഫിസിന് മുന്നിൽ വെക്കാൻ കൊണ്ടുവന്ന റീത്താണ് എക്സിക്യൂട്ടീവ് എൻജിനീയറും അസി. എക്സിക്യൂട്ടീവ് എൻജിനീയറും ഓഫിസിൽ ഇല്ലാത്തതിനാൽ എ.ഇയുടെ മുന്നിൽ വെച്ചുപ്രതിഷേധിച്ചത്.
നേരത്തെ കൗൺസിലർ ജോയ്സ് മേരി ആന്റണി, ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ നേരിൽ കണ്ട് മൂവാറ്റുപുഴ ജല അതോറിറ്റിയിലെ ഉദ്യോഗസ്ഥരുടെ ഒഴിവുകളിൽ എത്രയും വേഗം നിയമനം നടത്തണമെന്ന് ആവശ്യപ്പെടുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. എന്നാൽ അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ പോസ്റ്റിങ്ങിനുള്ള ഉത്തരവ് മാത്രമാണ് ഇപ്പോൾ വന്നിട്ടുള്ളത്. ബാക്കി പ്രധാനപ്പെട്ട ഒഴിവുകളിൽ നിയമനം നടത്തിയിട്ടില്ല.�