
കൊച്ചി: മാതാപിതാക്കൾക്ക് കണ്ണിലെ കൃഷ്ണമണികളാണ് മക്കൾ. ഒരു പോറൽപോലുമേൽക്കാതെ അവരെ സംരക്ഷിക്കാൻ സദാ ജാഗരൂകരാണ് എല്ലാവരും. സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രകൾ, മറ്റ് സമയങ്ങൾ എന്നിങ്ങനെ ഓരോ സമയത്തും അവരുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധാലുക്കളാണ്. സ്കൂൾ വാഹനങ്ങൾ അപകടത്തിൽപെട്ടും വഴിയോരത്ത് നിന്നപ്പോൾ വാഹനമിടിച്ചുമൊക്കെ വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ജീവൻ നഷ്ടപ്പെടുകയുമൊക്കെ ചെയ്ത സംഭവങ്ങൾ സമീപകാലത്ത് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഏതെങ്കിലും തരത്തിൽ അപകടങ്ങളിൽ ഉൾപ്പെടുന്ന സാഹചര്യമുണ്ടായാൽ ചികിത്സക്ക് തുക കണ്ടെത്തുന്ന കാര്യങ്ങളിൽ ഉൾപ്പെടെ സാധാരണക്കാരായ മാതാപിതാക്കൾ പ്രയാസപ്പെടുന്ന സ്ഥിതിയുണ്ടായേക്കാം. ഇത്തരം സന്ദർഭങ്ങളിൽ പിന്തുണ നൽകുന്ന സർക്കാറിന്റെ അപകട ഇൻഷുറൻസിനെക്കുറിച്ച് അറിഞ്ഞിരിക്കണം. 2021-’22 സാമ്പത്തിക വർഷം മുതൽ 2023-’24 വരെയുള്ള കാലയളവിൽ എറണാകുളം ജില്ലയിൽ ഇൻഷുറൻസ് പ്രകാരം 3,90,918 രൂപ അനുവദിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2021-’22 വർഷത്തിൽ അഞ്ച് കുട്ടികൾക്കായി 2,72,721 രൂപ, 2023-’24 വർഷത്തിൽ രണ്ട് കുട്ടികൾക്കായി 1,18197 എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
അറിയാമോ, സൗജന്യ ഇൻഷുറൻസ് പദ്ധതി
സംസ്ഥാത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റാൽ 10,000 രൂപയുടെ ഇൻഷുറൻസ് തുക അനുവദിക്കും. ജീവഹാനി സംഭവിച്ചാൽ 50,000 രൂപയുമാണ് അനുവദിക്കുന്നത്. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുട്ടികളുടെ ഒരു രക്ഷിതാവ് മരണപ്പെട്ടാൽ 50,000 രൂപ ട്രഷറി അക്കൗണ്ടിൽ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കുകയും പലിശയിനത്തിൽ ലഭിക്കുന്ന തുക കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി വിനിയോഗിക്കുകയും ചെയ്യും. വിദ്യാഭ്യാസ ഉപഡയറക്ടർ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് അപേക്ഷ നൽകേണ്ടത്. ഫോൺ: 0471-2325106, 2324601.
കുട്ടികളുടെ സുരക്ഷക്ക് നിബന്ധനകൾ നിരവധി
വിദ്യാർഥികളുടെ സുരക്ഷക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിരവധി മാർഗനിർദേശങ്ങളുണ്ട്.
സ്കൂളുകളിൽ സുരക്ഷ ഉപദേശക സമിതി, സുരക്ഷ ആസൂത്രണ രേഖ എന്നിവയുണ്ടായിരിക്കണമെന്നത് ഇതിൽ പ്രധാനമാണ്.
സ്കൂൾ കെട്ടിടങ്ങളിൽ നാഷനൽ ബിൽഡിങ് കോഡിന്റെ മാർഗനിർദേശങ്ങൾ പാലിച്ചിരിക്കണം.
ഓരോ അധ്യയന വർഷാരംഭത്തിലും കെട്ടിടവും ചുറ്റുപാടും സുരക്ഷിതമെന്ന് സാക്ഷ്യപ്പെടുത്തുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അധികാരികളിൽ നിന്ന് കൈപ്പറ്റണം.
ദുരന്ത ലഘൂകരണ സംവിധാനങ്ങൾ ഉറപ്പ് വരുത്തണം, ശിശുസുരക്ഷ സൗഹാർദ നിർമാണ രീതികൾ അവലംബിച്ചിരിക്കണം. ഭിന്നശേഷി സൗഹൃദ ക്ലാസ് മുറികളും ശുചിമുറികളും രൂപകൽപന ചെയ്തിരിക്കണം. അഗ്നിബാധ തടയാൻ കർശനനിബന്ധനകൾ പാലിച്ചിരിക്കണം. സ്കൂൾ വിദ്യാർഥികൾക്കും ജീവനക്കാർക്കും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പരിശീലനങ്ങൾ നൽകിയിരിക്കണം. വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയിരിക്കണം എന്നിങ്ങനെ നീളുന്നതാണ് നിബന്ധനകൾ.