
ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു
കൊച്ചി: വഴി നടക്കാൻ വയ്യ, പൊതുസ്ഥലങ്ങളിൽ നിൽക്കാനോ ഇരിക്കാനോ കഴിയുന്നില്ല, വീടുകളിലും സ്ഥാപനങ്ങളിലുമൊന്നും രക്ഷയില്ല… എല്ലായിടത്തും കൊതുകുശല്യം. ജില്ലയിൽ ഡെങ്കിപ്പനി ഉൾപ്പെടെ അസുഖങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതും ഇതിനോട് ചേർത്ത് വായിക്കണം. 2025 ആരംഭിച്ച് പത്ത് ദിവസത്തിനിടെ സർക്കാർ ആശുപത്രികളിൽ മാത്രം 93 ഡെങ്കി സംശയിക്കുന്ന കേസുകളും 76 സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരക്കുന്നം, ചിറ്റേത്തുകര, ബിനാനിപുരം, ഇടക്കൊച്ചി, മങ്ങാട്ടുമുക്ക്, ഇടപ്പള്ളി, കളമശ്ശേരി, വാഴക്കുളം, എടത്തല, കുമ്പളങ്ങി എന്നിവിടങ്ങളിലൊക്കെയാണ് സമീപ ദിവസങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ പത്തിന് മാത്രം 410 പേർ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. 16 പേരെ കിടത്തിച്ചികിത്സക്ക് നിർദേശിക്കുകയും ചെയ്തു. പൊതുസ്ഥലങ്ങൾ രോഗങ്ങൾ പരത്തുന്ന കേന്ദ്രങ്ങളാകാതിരിക്കാൻ അധികാരികളുടെ അടിയന്തര ശ്രദ്ധവേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും രക്ഷയില്ല
ബസ് സ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷനുകളും പാർക്കുകളും ഉൾപ്പെടെ കൊതുകുകൾ കൈയടക്കിയതോടെ ജില്ലയിൽ ജനം വലിയ പ്രയാസത്തിലാണ്. ആയിരക്കണക്കിന് ആളുകളെത്തുന്ന എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വൈകുന്നേരമായാൽ നിൽക്കാൻകഴിയാത്ത സ്ഥിതിയാണെന്ന് യാത്രക്കാർ പറഞ്ഞു. കൊതുകുകടി സഹിച്ച് വേണം ബസ് കാത്ത് നിൽക്കാൻ. ബസിൽ കയറിയിരുന്നാലും സ്ഥിതി ഇതുതന്നെ. ബസ് പുറപ്പെടുംവരെ യാത്രക്കാരും ജീവനക്കാരും കൊതുകിനെ തുരത്തുന്ന തിരക്കിലായിരിക്കും. ഡിപ്പോയിലെ ജീവനക്കാരുടെ അവസ്ഥ ദയനീയമാണ്. രാത്രി ഉൾപ്പെടെ ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന ഇവർ വലിയതോതിൽ കൊതുകിന്റെ ആക്രമണത്തിന് ഇരയാകുന്നു. ബസ് സ്റ്റാൻഡ് കെട്ടിടത്തിന് സമീപം കെട്ടിക്കിടക്കുന്ന മാലിന്യ വാഹിനിയായ ഓടകളും തോടുമാണ് കൊതുകുകളുടെ വർധനക്ക് ഇടയാക്കുന്നത്. എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളിലും സ്ഥിതി ഇതുതന്നെ. പ്ലാറ്റ്ഫോമിൽ ട്രെയിനുകൾ കാത്തിരിക്കുന്നവർ കൊതുകിന്റെ ആക്രമണത്തിന് ഇരയാക്കപ്പെടുകയാണ്. ഫോഗിങ് ഉൾപ്പെടെയുള്ള കൊതുക് നശീകരണ നടപടികൾ വ്യാപകമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ജില്ലയിൽ മലേറിയയും
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മലേറിയയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വാഴക്കുളം, മഞ്ഞള്ളൂർ, പാലക്കുഴ, കീഴ്മാട് പഞ്ചായത്തുകളിലാണ് വിവിധ ദിവസങ്ങളിലായി മലേറിയ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 10ന് എറണാകുളം ജനറൽ ആശുപത്രിയിലും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടെന്ന് ആരോഗ്യവകുപ്പ് വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.