
അണക്കോലി തുറയിലെ
വെള്ളം മലിനമായ നിലയില്‍
പെരുമ്പാവൂര്‍: കൂവപ്പടി, ഒക്കല്‍ പഞ്ചായത്തുകളുടെ പരിധിയിലെ അണക്കോലി തുറ മലിനമായി വെള്ളം ഉപയോഗിക്കാനാകാത്ത സ്ഥിതിയെന്ന് ആക്ഷേപം.
ഒക്കല്‍ പഞ്ചായത്തിലെ കുന്നക്കാട്ടുമലയുടെ താഴെയുള്ള അഞ്ച് ഏക്കറോളം വിസ്തൃതിയില്‍ കിടക്കുന്ന അണക്കോലി തുറയിലേക്ക് സമീപത്തെ അരിക്കമ്പനികളിലെ വെള്ളം തുറന്നുവിട്ട് കാലങ്ങളായി മലിനമായ സ്ഥിതിയാണ്.
ഇവിടെനിന്ന് മൈനര്‍ ഇറിഗേഷന്‍ പ്രോജക്ട് ഈസ്റ്റ് ഒക്കല്‍ സ്കീം വഴി 40 എച്ച്.പിയുടെയും 25 എച്ച്.പിയുടെയും രണ്ട് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് കുന്നക്കാട്ട് മലയിലെ കനാലിലേക്ക് വെള്ളം പമ്പ് ചെയ്യുന്നുണ്ട്. കനാല്‍ വഴി എത്തുന്ന മലിനജലം കിണറുകളിലേക്ക് വ്യാപിച്ച് വെള്ളം കുടിക്കാനാകാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഒക്കല്‍ പഞ്ചായത്തിലെ 11ാം വാര്‍ഡിലെ വെള്ളിമറ്റം കുമാരന്റെ വീടിനരികിലെ മണ്ണെടുത്ത 70 സെേന്റാളം സ്ഥലത്ത് കനാലിലെ മലിനജലം ഉറവയായി എത്തി കിണറിലേക്ക് വ്യാപിച്ച സ്ഥിതിയാണ്.
ചിറയുടെ പ്രശ്നം പഞ്ചായത്തിലും ഹെല്‍ത്ത് വിഭാഗത്തിലും അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. വെള്ളത്തില്‍ കുളിച്ചാല്‍ ചൊറിച്ചില്‍ അടക്കം ത്വഗ്രോഗങ്ങളുണ്ടാകുന്നുണ്ട്. പ്രദേശവാസികള്‍ക്ക് ഉദരസംബന്ധമായ രോഗങ്ങള്‍ പിടിപെടുന്നതും പതിവാണ്. അണക്കോലി ചിറയിലേക്ക് മലിനജലം ഒഴുക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ചിറയിലെ വെള്ളം എത്രയും വേഗം പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഒക്കല്‍ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതര്‍ക്കും ജില്ല കലക്ടര്‍ക്കും ഇറിഗേഷന്‍ മന്ത്രിക്കും പരാതി നല്കി.