മട്ടാഞ്ചേരി: നവീകരണം പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും ഇതുവരെ തുറന്നു പ്രവർത്തിക്കാത്ത മട്ടാഞ്ചേരി ബോട്ട് ജെട്ടിക്ക് തടസ്സമായി നിൽക്കുന്ന ഡ്രഡ്ജിങ് നടപടി പൂർത്തീകരിക്കാൻ കരാറുകാരന് ഇറിഗേഷൻ വകുപ്പ് അധികൃതർ നൽകിയ കാലാവധി ഇന്ന് അവസാനിക്കുന്നു. ഡ്രഡ്ജിങ് നടപടികളിൽ പുരോഗതി ഇല്ലാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നതിനിടെയാണ് കാലാവധി അവസാനിക്കുന്നത്. 2021ലാണ് ഡ്രഡ്ജിങ് ജോലികൾക്കായി കരാറുകാരനെ ചുമതലപ്പെടുത്തിയത്. ഡ്രഡ്ജ് ചെയ്ത് എടുക്കുന്ന െചളി ആദ്യം ഇടക്കൊച്ചിയിലെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്ഥലത്താണ് നിക്ഷേപിച്ചിരുന്നത്. എന്നാൽ, പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ഇത് നിർത്തിവെച്ചു. തുടർന്ന്, പുറംകടലിൽ നിക്ഷേപിക്കാൻ അനുവാദം നൽകിയെങ്കിലും പ്രവൃത്തികളിൽ പുരോഗതി ഉണ്ടായില്ല.
ജെട്ടി നവീകരണം പൂർത്തിയായിട്ടും ഡ്രഡ്ജിങ് പൂർത്തിയാകാതെ വന്നപ്പോൾ കെ.ജെ. മാക്സി എം.എൽ.എ യോഗം വിളിക്കുകയും സമയം നീട്ടിക്കൊടുക്കുകയും ചെയ്തെങ്കിലും ഡ്രഡ്ജിങ് മുന്നോട്ടുപോയില്ല. ഇതോടെ കരാറുകാരന് കാരണം കാണിക്കൽ നോട്ടീസ് നൽകിയപ്പോൾ 30 ദിവസത്തെ സമയം ആവശ്യപ്പെടുകയും അനുവദിക്കുകയും ചെയ്തു. ഈ സമയം ഇന്ന് തീരുമെന്നിരിക്കെ ഒരു പുരോഗതിയും ഡ്രഡ്ജിങ് കാര്യത്തിൽ ഉണ്ടായിട്ടില്ല. ഈ ദിവസത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കിയില്ലെങ്കിൽ നഷ്ടം ഈടാക്കി കരാറുകാരനെ നീക്കം ചെയ്യുമെന്നാണ് അധികൃതർ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് നൽകിയ കത്തിൽ പറയുന്നത്. 97 ലക്ഷം രൂപ വിനിയോഗിച്ചാണ് ജെട്ടി നവീകരണം പൂർത്തീകരിച്ചത്. 4.5 കോടി രൂപയാണ് ഡ്രഡ്ജിങ്ങിന് അനുവദിച്ചിട്ടുള്ളത്. ഡ്രഡ്ജിങ് നടപടികൾ പൂർത്തിയാക്കി ജെട്ടി ജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.