കൊച്ചി: ഈ വർഷം ഇതുവരെ നഗരത്തിലേക്ക് ഒഴുകിയ ലഹരിയുടെ അളവിലും രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിലും വർധനയുണ്ടായെന്ന് കണക്കുകൾ. ഈ വർഷം ഒക്ടോബർ 15വരെ 1996 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഞ്ചാവും ഹഷീഷും കീഴടക്കിയ സ്ഥാനത്ത് ഇപ്പോൾ എം.ഡി.എം.എയാണ് പിടികൂടുന്നതിൽ മുന്നിലാണ്. എം.ഡി.എം.എ മാത്രം ഇക്കാലയളവിൽ ഒന്നര കിലോയിലേറെ പൊലീസ് പിടികൂടി. 74.79 ഗ്രാം ബ്രൗൺഷുഗറും പിടികൂടിയിട്ടുണ്ട്. മുൻ വർഷങ്ങളെ സംബന്ധിച്ച് കഞ്ചാവ് പിടികൂടുന്നതിന്റെ അളവിലും വലിയ വർധനയാണ് ഉണ്ടായിട്ടുള്ളത്.
213.657 കിലോ കഞ്ചാവാണ് ഇതുവരെ പിടിച്ചെടുത്തത്. 1.504 കിലോ ഹഷീഷ് ഓയിൽ, 26 എൽ.എസ്.ഡി സ്റ്റാമ്പ്, 3.76 ഗ്രാം കൊക്കെയ്ൻ എന്നിവയും ഈ വർഷം ഇതുവരെ പിടികൂടി. 2023ലെ കണക്കുകൾ പരിശോധിച്ചാൽ 326 കിലോ കഞ്ചാവാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പിടികൂടിയത്.
ഒന്നേമുക്കാൽ കിലോ എം.ഡി.എം.എയും 7.76 ഗ്രാം ഹഷീഷും കഴിഞ്ഞവർഷം പൊലീസ് കണ്ടെടുത്തത്. 296 ഗ്രാം ഹഷീഷ് ഓയിലും പിടിച്ചെടുത്തു. 25 എൽ.എസ്.ഡി സ്റ്റാമ്പും പിടിച്ചെടുത്തതിൽ വരും. 31.777 ഗ്രാം ബ്രൗൺ ഷുഗറും പിടിച്ചെടുത്തു. ഇതുകൂടാതെ ചരസ്, നൈട്രേസെപാം ഗുളിക തുടങ്ങി ഏതാണ്ട് ലഹരിക്കായി ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും മരുന്നുകളും അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്.
അസം സ്വദേശികളാണ് പ്രധാനമായും ബ്രൗൺ ഷുഗറുമായി പിടിക്കപ്പെടുന്നത്. അസമിൽ നിർമിച്ച് ഇവിടെ കൊണ്ട് വന്ന് ബ്രൗൺ ഷുഗർ വിൽക്കുകയാണ് ചെയ്യുന്നത്. കൊച്ചി സിറ്റിയിൽ കഞ്ചാവുമായി പിടിയിലാകുന്നതിൽ കൂടുതലും ബംഗാൾ സ്വദേശികളാണ്. എം.ഡി.എം.എയുമായി കൊച്ചി നഗരത്തിൽ പിടിയിലാകുന്നവരിൽ കൂടുതലും മലയാളികളാണ്. ബംഗളൂരുവിൽ പോയി നൈജീരിയക്കാരിൽനിന്നാണ് ഇവ വാങ്ങുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
കൊച്ചിയിൽ മറൈൻ ഡ്രൈവടക്കം ലഹരി സംഘങ്ങൾ തമ്പടിച്ചിരിക്കുന്ന ഒരു പ്രധാന കേന്ദ്രമാണ്. എറണാകുളം സെൻട്രൽ സ്റ്റേഷൻപരിധിയിൽ അംബേദ്കർ റോഡും പുല്ലേപ്പള്ളി റോഡിലുമെല്ലാം സംഘങ്ങളുടെ താവളങ്ങളുണ്ട്. ഫോർട്ട്കൊച്ചിയിൽ ബീച്ച് ഏരിയയും പ്രധാന സ്പോട്ടാണ്. പൊലീസും എക്സൈസും ചേർന്ന് രാത്രി പരിശോധനയടക്കം വ്യാപകമാക്കിയതോടെയാണ് കൂടുതൽ കേസുകളും പിടികൂടാൻ കഴിഞ്ഞത്. ലഭ്യതയും കൈകാര്യം ചെയ്യാനുള്ള സൗകര്യവുമാണ് സിന്തറ്റിക് ലഹരിമരുന്നുകളുടെ വ്യാപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. യോദ്ധാവ് ആപ് ഉള്പ്പെടെയുള്ള ക്രമീകരണങ്ങളിലൂടെ പൊതുജനങ്ങളെക്കൂടി പങ്കാളികളാക്കി നിരീക്ഷണം ശക്തിപ്പെടുത്താനാണ് പൊലീസ് നീക്കം.
വാട്സ് ആപ്പിൽ വിവരം നൽകാം; ഇത്തവണ എത്തിയ വിളികൾ 115
ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വാട്സ്ആപ്പിലൂടെ വിവരമറിയിക്കുന്നതിനുള്ള സംവിധാനം പൊലീസ് ഒരുക്കിയിട്ടുണ്ട്. 9995966666 ആണ് വാട്സ് ആപ് നമ്പർ. ഇതിലേക്ക് 24 മണിക്കൂറും വിവരങ്ങൾ നൽകാനുള്ള സൗകര്യമുണ്ട്. ശബ്ദസന്ദേശം, ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ എന്നിവവഴി മാത്രമേ വിവരങ്ങൾ നൽകാൻ കഴിയൂ. നേരിൽ വിളിച്ച് വിവരങ്ങൾ നൽകണമെന്നുള്ളവർ നാർകോട്ടിക് ഡിവൈ.എസ്.പിയുടെ 9497990065 നമ്പറിൽ വേണം വിളിക്കാൻ. ഈ വർഷം ലഭിച്ച 115 വിളികളിൽ 15 എണ്ണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ലഹരിക്കെതിരെ കർശന നടപടി -നാർകോട്ടിക് സെൽ അസി. കമീഷണർ
ലഹരി വിൽപന, വിപണനം എന്നിവക്കെതിരെ കർശന നടപടിയുമായി മുന്നോട്ട് പോകുകയാണെന്ന് സിറ്റി നാർകോട്ടിക് സെൽ അസി. കമീഷണർ കെ.എ. അബ്ദുൽ സലാം പറഞ്ഞു.
രാത്രിയിലടക്കം പൊലീസിന്റെ പ്രത്യേക സംഘങ്ങൾ നഗരത്തിലെ പ്രധാന ഇടങ്ങൾ, ലോഡ്ജുകൾ, വാഹനങ്ങൾ എന്നിവ പരിശോധന നടത്തി വരുന്നു.
രഹസ്യവിവരങ്ങൾ കിട്ടുന്ന മുറക്ക് കൃത്യമായ പരിശോധന നടന്നു വരുന്നുണ്ടെന്നും പ്രതികളെ പിടികൂടുന്നുണ്ടെന്നും സിറ്റി നാർകോട്ടിക് സെൽ അസി. കമീഷണർ പറഞ്ഞു.
കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവും; ഉറവിടം മലേഷ്യയും തായ്ലൻഡും
കൊച്ചിയിൽ കഴിഞ്ഞ ദിവസം ഹൈബ്രിഡ് കഞ്ചാവുമായി മെഡിക്കൽ വിദ്യാർഥി അറസ്റ്റിലായിരുന്നു. 200 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് കണ്ണൂർ സ്വദേശി അനക്സ് റോൺ പിടിയിലായത്. ഇതിന്റെ ഉറവിടം മലേഷ്യയും തായ്ലൻഡുമാണെന്ന് പൊലീസ് പറയുന്നു. രാസവസ്തുക്കളിൽ നാലോ ആറോ മാസം കഞ്ചാവ് ഇട്ടുവെച്ചാണ് ഹൈഡ്രോ കഞ്ചാവ് എന്ന ഹൈബ്രിഡ് കഞ്ചാവ് നിർമിക്കുന്നത്. തുടർന്ന് ഇത് ഉണക്കിയെടുക്കും. ശേഷം ഒരുഗ്രാം വീതമുള്ള ഉരുളകളാക്കി വിൽപനക്കെത്തിക്കും. അടുത്തിടെ മലയാളികൾ ഉൾപ്പെട്ട അന്താരാഷ്ട്ര കഞ്ചാവ് കടത്തുസംഘം കുടകിൽ പിടിയിലായിരുന്നു. ഇവരിൽനിന്ന് മൂന്നരക്കോടിയോളം രൂപ വിലമതിക്കുന്ന 3.31 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. മുഖ്യപ്രതി തായ്ലൻഡിലേക്ക് പോകുന്നതിനിടെ കൊച്ചി വിമാനത്താവളത്തിലാണ് പിടിയിലായത്.