ആലുവ: നഗരസഭ സ്റ്റേഡിയം ആർട്ടിഫിഷൽ ടർഫാക്കി മാറ്റുന്നത് കായിക താരങ്ങൾക്ക് ദുരിതമാകുമെന്ന് ആക്ഷേപം. ഇത് സംബന്ധിച്ച നഗരസഭ തീരുമാനം വ്യക്തതയില്ലാത്തതാണെന്ന് കായിക പ്രേമികളും യുവജന സംഘടനകളും ആരോപിക്കുന്നു. നിലവിൽ വളർന്നുവരുന്ന യുവതലമുറ മുതൽ പ്രായഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും കായിക വിനോദത്തിനുവേണ്ടി ആശ്രയിക്കുന്നത് നഗരസഭ സ്റ്റേഡിയത്തെയാണ്.
ജില്ല, ഉപജില്ല ഫുട്ബാൾ മത്സരങ്ങൾ മുതൽ വിവിധ വിദ്യാലയങ്ങളുടെ സ്പോർട്സ് മീറ്റ് ഉൾപ്പെടെ നടക്കുന്നതും ഇവിടെയാണ്. സ്റ്റേഡിയത്തെ ടർഫാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട്, യുവജന വിദ്യാർഥി സംഘടനകൾ, ക്ലബ് ഭാരവാഹികൾ എന്നിവരെ വിളിച്ച് ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭക്ക് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി കത്ത് നൽകിയിരുന്നു. എന്നാൽ, ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ടർഫിൽ പരിശീലനം നടത്തുന്ന കായിക താരങ്ങൾക്ക് പരിക്ക് പറ്റാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ടർഫ് നിർമിക്കുമ്പോൾ വലിയ രീതിയിലുള്ള മെയിന്റനൻസ് ചെലവാണ് വരുന്നത്.
തൊഴിലാളികൾക്ക് പോലും കൃത്യമായി ശമ്പളം നൽകാൻ കഴിയാത്ത നഗരസഭ പുതുതായി നിർമിക്കുന്ന ഓപൺ എയർ സ്റ്റേജിന്റെ വാടകയിനത്തിൽ ലഭിക്കുന്ന 5000 രൂപ ഇതിനുവേണ്ടി വിനിയോഗിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. കായികപ്രേമികളുടെ സ്വപ്നങ്ങളുടെ ചിറകൊടിക്കുന്ന നഗരസഭയുടെ സമീപനങ്ങൾക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ പറഞ്ഞു.