പെരുമ്പാവൂര്‍: ജില്ല പഞ്ചായത്തിന്റെ കീഴിലെ കര്‍ഷക ക്ഷേമ വികസന വകുപ്പിന്റെ ഒക്കല്‍ വിത്തുല്പാദന കേന്ദ്രത്തില്‍ നടപ്പാക്കുന്ന ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച നടുമുറ്റവും ഓപണ്‍ എയര്‍ സ്റ്റേജും ഉദ്ഘാടനത്തിന് സജ്ജമായി.
എം.സി റോഡിനോട് ചേര്‍ന്ന് 32 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഒക്കല്‍ കൃഷി ഫാമിനെക്കുറിച്ചറിയുന്നതിനും പ്രകൃതി സൗഹൃദ കൃഷിരീതികളെ പരിചയപ്പെടുന്നതിനും കാര്‍ഷിക ഉല്പന്നങ്ങളെ നേരിട്ടറിയുന്നതിനും സാഹചര്യമൊരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫാം ടൂറിസം പദ്ധതി.
നെൽപാട വരമ്പിലൂടെ നടക്കാനും പച്ചക്കറിതൈകളുടെ ഉൽപാദനവും കൃഷികള്‍ക്ക് മണ്ണൊരുക്കുന്നതും അലങ്കാര ചെടികളും മത്സ്യ കൃഷിയും കാണുന്നതിന് പുറമെ യന്ത്രവത്കൃത കൃഷി വീക്ഷിക്കുന്നതിനും പരിശീലീക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കും.
വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി ശാസ്ത്രീയ കൃഷിയെക്കുറിച്ച് ഡോക്യുമെന്ററി പ്രദര്‍ശനവും വിദഗ്ധ ക്ലാസും സജ്ജീകരിക്കുമെന്ന് ഫാം സൂപ്രണ്ട് ഫിലിപ്പ് ജി. കാനാട്ട് പറഞ്ഞു. ഇതിനായി ആംഫി തീയറ്റര്‍ നിര്‍മിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പാടം ചുറ്റി കാണുന്നതിന് സൗകര്യമൊരുക്കുന്ന സൈക്കിള്‍ പാത്തിന്റെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായി. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനുള്ള പ്രത്യേക സൗകര്യം ഒരുക്കും.
പുറമെ രുചികരമായ ഭക്ഷണം ലഭ്യമാകുന്ന ഫുഡ് കോര്‍ണറും സജ്ജീകരിക്കും. 30 ലക്ഷം ചെലവഴിച്ച് നിര്‍മിച്ച ടൈല്‍ വിരിച്ച വിശാലമായ നടുമുറ്റം, ഓപ്പണ്‍ എയര്‍ സ്റ്റേജ്, ശുചിമുറി സമുച്ചയം എന്നിവയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് നടക്കുമെന്ന് പ്രസിഡന്റ് മനോജ് മൂത്തേടന് അറിയിച്ചു.