അങ്കമാലി: രണ്ട് കോടിയിലധികം വിലവരുന്ന എം.ഡി.എം.എ കടത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന തമിഴ്നാട് സ്വദേശിയായ യുവാവ് മൂന്ന് വർഷത്തിന് ശേഷം പിടിയിൽ. തമിഴ്നാട് തിരുച്ചിറപ്പിള്ളി സുബ്രഹ്മണ്യനഗർ-9 സെക്കൻഡ് സ്ട്രീറ്റിൽ രുമേഷ് (31) എന്നയാളെ അങ്കമാലി പൊലീസാണ് അറസ്റ്റ് ചെയ്തത്.
2021 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ അങ്കമാലിയിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് തൃശൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന പിക്കപ് വാൻ പിടികൂടിയത്. പരിശോധന നടത്തിയപ്പോൾ രണ്ട് കിലോ തൂക്കം വരുന്ന രാസ ലഹരി കണ്ടെത്തി. രുമേഷിന്‍റെ നേതൃത്വത്തിലെ സംഘം ചെന്നൈയിൽ നിന്നാണ് എം.ഡി.എം.എ കൊണ്ടുവന്നത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽപോവുകയായിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ നാല് പേരെ പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം തിരുച്ചിറപ്പിള്ളിയിൽ നിന്ന് രുമേഷിനെ സാഹസികമായാണ് പൊലീസ് വലയിൽ വീഴ്ത്തിയത്. ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡി.വൈ.എസ്. പി ടി.ആർ.രാജേഷ്, ഇൻസ്പെക്ടർ ആർ.വി അനിൽകുമാർ, എസ്.ഐമാരായ കെ. പ്രദീപ് കുമാർ, കെ.സതീഷ് കുമാർ, മാർട്ടിൻ ജോൺ, സീനിയർ സി. പി.മാരായ എം.ആർ മിഥുൻ, എം.എസ് അജിത്കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.