കൊച്ചി: ജില്ലയിൽ ഡെങ്കിപ്പനി, എച്ച്1 എൻ1 കേസുകൾ വർധിക്കുന്നു. ഒരാഴ്ചക്കിടെയുള്ള കണക്കുകൾ പരിശോധിച്ചാൽ ബുധനാഴ്ച 62 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജൂലൈ 23ന് 52 പേർക്കും 22ന് 25 പേർക്കും 20ന് 69 പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച മൂന്ന് എച്ച്1 എൻ1 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു എലിപ്പനിയും അഞ്ച് മഞ്ഞപ്പിത്തക്കേസുകളും ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. ഇതോടൊപ്പം വൈറൽ പനി ബാധിതരുടെ എണ്ണവും വർധിക്കുന്നുണ്ട്. ജൂലൈ 20 മുതൽ 24 വരെ 4000 പേരാണ് വൈറൽ പനി ബാധിച്ച് ചികിത്സ തേടിയത്. ആലങ്ങാട് കഴിഞ്ഞ ദിവസം നാലു വയസുകാരൻ മരിച്ചത് എച്ച്1 എൻ1 പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു.
ഈ വർഷം എച്ച്1 എൻ1 സ്ഥിരീകരിച്ചത് 145 പേർക്ക്
ആലങ്ങാട് നാലു വയുസ്സുകാരൻ മരിച്ചതുൾപ്പെടെ ഈ വർഷം മൂന്നു പേരാണ് എച്ച്1 എൻ1 ബാധിച്ച് മരിച്ചത്. 145 പേർക്ക് ഈ വർഷം രോഗം സ്ഥിരീകരിച്ചു. സാധാരണയായി വരുന്ന ജലദോഷപ്പനി രണ്ടു ദിവസമായി കുറയാതിരിക്കുക, പനി കൂടുക, ശ്വാസം മുട്ട്, നെഞ്ചുവേദന എന്നിവ അനുഭവപ്പെടുക എന്നിവ ഉണ്ടെങ്കിൽ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടണം. ചികിത്സ വൈകുന്നത് രോഗം ഗുരുതരമാക്കും. തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗബാധിതരിൽ നിന്ന് പുറത്തേക്ക് വരുന്ന രോഗാണുക്കൾ വായുവിലൂടെ മറ്റുള്ളവരിലേക്ക് പകർന്നാണ് രോഗം പടരുന്നത്. പനി, ചുമ തൊണ്ട വേദന എന്നിവയാണ് ലക്ഷണങ്ങൾ.
ഈ ലക്ഷണങ്ങൾ പ്രത്യേകിച്ച് ഗർഭിണികൾ, പ്രായമായവർ, ചെറിയ കുട്ടികൾ, മറ്റേതെങ്കിലും രോഗമുള്ളവർ തുടങ്ങിയവരിൽ കണ്ടാൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്. പലപ്പോഴും ഇങ്ങനെയുള്ള ലക്ഷണങ്ങൾ നിസ്സാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതു കൊണ്ടാണ് അപകടാവസ്ഥയിൽ എത്തുന്നതും മരണം വരെ സംഭവിക്കുകയും ചെയ്യുന്നത്. രോഗം സ്ഥിരീകരിച്ചാൽ ഇളം ചൂടുള്ള കഞ്ഞി വെള്ളം പോലെയുള്ള പോഷകഗുണമുള്ള പാനീയങ്ങളും പോഷക സമൃദ്ധമായ ആഹാരങ്ങൾ കഴിക്കുവാനും പൂർണ്ണ വിശ്രമമെടുക്കുവാനും ശ്രദ്ധിക്കണം. പൊതു ഇടങ്ങളിൽ മാസ്ക് ഉപയോഗിക്കണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ, മൂക്ക് എന്നിവ തൂവാല കൊണ്ട് മറയ്ക്കുവാനും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.
കരുതണം ഡെങ്കിയെ
ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍നിന്നു മറ്റൊരാളിലേക്ക് പകരൂ. കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ പരിസരപ്രദേശങ്ങളിലോ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ജലക്ഷാമമുള്ള പ്രദേശങ്ങളിൽ വെള്ളം ശേഖരിച്ചുവെക്കുന്ന പാത്രങ്ങളിൽ കൊതുക് വളരാൻ സാധ്യതയുള്ളതിനാൽ വെള്ളം മൂടിവച്ച് ഉപയോഗിക്കണം. ഇടവിട്ട് ചില സ്ഥലങ്ങളിൽ വേനൽവഴ പെയ്യുന്നതിനാൽ വീടിന്റെ പുറത്തും അടുത്തുള്ള പറമ്പുകളിലും മഴവെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. വീടിന്റെ പരിസരങ്ങളിൽ ഒരു സ്പൂണിൽ താഴെ വെള്ളം പോലും ഒരാഴ്ച തുടർച്ചയായി കെട്ടി നിൽക്കുകയാണെങ്കിൽ ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരുന്ന സാഹചര്യമുണ്ട്. അവ ഇല്ലാതാക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതിനുള്ള ശ്രദ്ധ നൽകണമെന്നും ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകുന്നു.