പെരുമ്പാവൂര്‍: ലോറിയിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. എറണാകുളം കലൂര്‍ ജഡ്ജസ് അവന്യൂ പീടികത്തറയില്‍ വീട്ടില്‍ റഹ്‌മത്തുല്ലയുടെ മകന്‍ മുഹമ്മദ് ഇജാസ് (21), ചങ്ങനാശ്ശേരി കുരിശുംമൂട് പുതുപ്പുരയ്ക്കല്‍ വീട്ടില്‍ ജോസ് ഗ്രിഗറിയുടെ മകള്‍ ഫിയോണ ജോസ് (19) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചക്ക് 2.15ന് എം.സി റോഡില്‍ പുല്ലുവഴി വില്ലേജ് ഓഫിസിന് മുന്നിലായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തുനിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ എതിർദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു.
ഇജാസ് സംഭവസ്ഥലത്ത് മരിച്ചു. പെണ്‍കുട്ടിയെ നാട്ടുകാര്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇജാസ് എൻജിനീയറിങ് പഠനം കഴിഞ്ഞിരിക്കുകയാണ്. യുവതി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ എന്‍ട്രന്‍സ് പരിശീലനം നേടുകയാണ്. ഇജാസിന്‍റെ മാതാവ്: നജുമ. സഹോദരി: ജാസ്മി. ഫിയോണയുടെ മാതാവ്: ജെറ്റ്സി, സഹോദരങ്ങൾ: ഫേബ, ഫെലിക്സ്.