കൊച്ചി: ചെല്ലാനം-ഫോർട്ട്കൊച്ചി കടൽഭിത്തി നിർമാണം എന്ന് പൂർത്തിയാകുമെന്ന് ഹൈകോടതി. ചെല്ലാനം സ്വദേശി ടി.എ. ഡാൽഫിനടക്കമുള്ളവർ നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇക്കാര്യം ആരാഞ്ഞത്.
എത്ര നാൾക്കകം നിർമാണം പൂർത്തിയാകുമെന്ന് അറിയിക്കണമെന്ന് സർക്കാറിനോട് കോടതി നിർദേശിച്ചു. ഇതുസംബന്ധിച്ച് 2021 ഫയൽ ചെയ്ത പൊതുതാൽപര്യ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 17 കി.മീ. നീളത്തിൽ നിർമിക്കേണ്ട കടൽഭിത്തിയുടെ 7.3 കി.മീ. ഭാഗം മാത്രമാണ് പൂർത്തിയായത്.
ശേഷിക്കുന്ന നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് നേരത്തേ ഈ ഹരജിയിൽ നിർദേശിച്ചിട്ടുള്ളതാണെന്ന് ഹരജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് എന്ന് പൂർത്തിയാക്കാനാവുമെന്ന കാര്യം അറിയിക്കാൻ കോടതി നിർദേശിച്ചത്. വീണ്ടും ഹരജി പരിഗണിക്കുന്ന ഏപ്രിൽ ഒന്നിനുമുമ്പ് ഇക്കാര്യം അറിയിക്കാനാണ് നിർദേശം.