കൊച്ചി: എക്സൈസ് മധ്യമേഖല റേഞ്ച് ഓഫിസിൽ നിന്ന് കഞ്ചാവ് കേസ് പ്രതികൾ ചാടിപ്പോയി. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) പിടികൂടി കൈമാറിയ കൊല്ലം ഇരവിപുരം പെരുമാതുളി സയ്യിദലി (22), കൊല്ലം തട്ടാമല വടക്കേ പാലുവള യാസീൻ (21) എന്നിവരാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച പുലർച്ച അഞ്ചോടെയായിരുന്നു സംഭവം. എക്സൈസ് വ്യാപക പരിശോധന തുടരുകയാണ്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് 3.240 കിലോ കഞ്ചാവുമായി പ്രതികളെ ആർ.പി.എഫ് പിടികൂടിയത്. ഷാലിമാർ-തിരുവനന്തപുരം ട്രെയിൻ പ്ലാറ്റ്ഫോമിൽ വന്നതിന്റെ പിന്നാലെ രണ്ടുപേർ ബാഗും തൂക്കി സംശയാസ്പദമായ രീതിയിൽ നടക്കുന്നതുകണ്ടാണ് ആർ.പി.എഫ് പരിശോധന നടത്തിയത്. തുടർന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
പ്രതികളെ കച്ചേരിപ്പടിയിലെ എക്സൈസ് ആസ്ഥാനത്ത് എത്തിച്ച് സെല്ലിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കാനായിരുന്നു പദ്ധതി. അതിനിടെ പുലർച്ച ഇവരെ സെല്ലിൽ കാണാതാവുകയായിരുന്നു.
സെൽ തുറന്ന് പ്രതികൾ നടന്നുപോകുന്നത് സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. വഴി ചോദിച്ച് പച്ചാളം വഴി എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് എത്തിയതായാണ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ ലഭ്യമായ വിവരം. ട്രെയിൻ മാർഗം കടന്നുകളഞ്ഞിട്ടുണ്ടാകാമെന്നാണ് എക്സൈസ് സംശയിക്കുന്നത്.