കോതമംഗലം: ആലുവ-മൂന്നാർ റോഡ് നാലുവരിപ്പാതയാക്കൽ അലൈൻമെന്റിൽ വ്യാപക പരാതി. അലൈൻമെന്റ് തയാറാക്കി പൊതുജനങ്ങളെയും സ്ഥലവും കെട്ടിടവും നഷ്ടപ്പെടുന്നവരെയും അറിയിക്കാതെ കുറ്റി സ്ഥാപിച്ചതോടെയാണ് പരാതി വ്യാപകമായത്. പാരിസ്ഥിതികാഘാത പഠനം നടത്തുകയോ പൊതുജനാഭിപ്രായം തേടുകയോ ചെയ്യാതെയും ആഘാതപഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കാതെയുമാണ് കുറ്റികൾ സ്ഥാപിച്ചത്. അലൈൻമെൻറ് സംബന്ധിച്ച് അധികാരപ്പെട്ട ആരും സ്ഥലവും കെട്ടിടവും നഷ്ടപ്പെടുന്നവരെ ബോധ്യപ്പെടുത്തിയിട്ടുമില്ല. അശാസ്ത്രീയമായിട്ടാണ് അലൈൻമെന്റ് തയാറാക്കിയിരിക്കുന്നതെന്ന പരാതിയും വ്യാപകമാണ്.
കോതമംഗലം താലൂക്കിൽ തങ്കളം മുതൽ ഇരുമലപ്പടിവരെ എട്ടോളം ആരാധനാലയങ്ങൾ പൂർണമായോ ഭാഗികമായോ പൊളിക്കേണ്ടിവരും. ആരാധനാലയങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയിട്ടില്ല. 500ലധികം ചെറുകിട വ്യാപാരസ്ഥാപനങ്ങൾ ഈ ആറ് കിലോമീറ്ററിൽ ഇല്ലാതാകും. ഫർണിച്ചർ ഹബ് എന്നറിയപ്പെടുന്ന നെല്ലിക്കുഴിയെ പാടേ ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ അലൈൻമെന്റെന്നും പറയുന്നു.
2013ലെ പുതിയ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ച് മാത്രമേ ഏറ്റെടുക്കൽ നടപടികൾ നടത്താവൂ എന്നാവശ്യപ്പെട്ട് ജംഇയ്യതുൽ ഉലമ താലൂക്ക് സമിതി കലക്ടർക്ക് നിവേദനം നൽകി.
അലൈൻമെന്റിലെ അപാകതകൾ പൊതുജനാഭിപ്രായം തേടി പരിഹരിക്കണം. അല്ലെങ്കിൽ ആലുവയിലും പെരുമ്പാവൂരും സ്വീകരിച്ചതുപോലെ തങ്കളം-നെല്ലിക്കുഴി (പഴയ ആലുവ-മൂന്നാർ റോഡ്) വികസിപ്പിക്കുകയോ തങ്കളം-കാക്കനാട് റോഡ് ഇരുമലപ്പടിയിൽ കൂട്ടിയോജിപ്പിക്കുകയോ ചെയ്യാവുന്ന രീതിയിൽ അലൈൻമെന്റിൽ വ്യത്യാസം വരുത്തുകയോ ചെയ്യണം.
ഇതുവഴി റോഡ് നിർമാണത്തിന്റെ ചെലവ് കുറക്കാനും ജനങ്ങളുടെ നഷ്ടങ്ങൾ ഒഴിവാക്കാനും സഹായിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് സി.എം മുഹ്യിദ്ദീൻ ബാഖവി, സെക്രട്ടറി കെ.എച്ച്. സക്കരിയ്യ ബാഖവി, ട്രഷറർ ഡോ. ഷമീർ ബാഖവി, നസറുദ്ദീൻ ബദരി നേര്യമംഗലം, ജമാഅത്ത് ഫെഡറേഷൻ ജില്ല പ്രസിഡൻറ് കാട്ടാമ്പിള്ളി മുഹമ്മദ് മൗലവി, സെക്രട്ടറി നൗഷാദ് തലക്കോട്, ജില്ല വൈസ് പ്രസിഡൻറ് അഷ്റഫ് ഹാജി, താലൂക്ക് സെക്രട്ടറി വി.കെ. ഇബ്രാഹിം വട്ടക്കുടി, മെംബർമാരായ കെ.എ. ഫൈസൽ, ബാവു തച്ചുമടം എന്നിവരും സി.പി.ഐ നെല്ലിക്കുഴി ലോക്കൽ കമ്മിറ്റി അംഗം കെ.ബി. അൻസാർ, കെ.എ. ഹമീദ്, എൻ.എ. ബഷീർ എന്നിവരും നിവേദന സംഘത്തിൽ ഉണ്ടായിരുന്നു. പ്രശ്നം പഠിച്ച് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് കലക്ടർ ഉറപ്പുനൽകി.