കാലടി: മറ്റൂര്‍-കൈപ്പട്ടൂര്‍ റോഡില്‍ അപകടങ്ങള്‍ നിത്യസംഭവമാകുന്നു. ചെമ്പിച്ചേരി റോഡില്‍ ഇഞ്ചയ്ക്ക കവലക്ക് സമീപം കനാലും കുടിവെള്ള പൈപ്പും കടന്ന് പോകുന്ന ഭാഗം പണികള്‍ തീര്‍ത്ത് വീതി കൂട്ടാത്തത്താണ് അപകടങ്ങള്‍ക്ക് കാരണം.
ബൈപാസ് റോഡായി ആധുനിക രീതിയില്‍ നിര്‍മ്മിച്ച റോഡാണിത്. നല്ല വീതി ഉണ്ടെങ്കിലും ചില ഭാഗങ്ങളില്‍ കോടതി കേസുകള്‍ മൂലം നിര്‍മ്മാണം പൂര്‍ത്തിയാവത്തതിനാല്‍ വീതി കുറവാണ്. നിരവധി അപകട മരണങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്. ഗുരുതര പരിക്ക് പറ്റി കിടപ്പ് രോഗികളായി ചികിത്സയില്‍ കഴിയുന്നവരുമുണ്ട്. ഇരുചക്ര വാഹനങ്ങളും കാറുകളുമാണ് കൂടുതലായും അപകടത്തില്‍പ്പെടുന്നത്.
എം.സി. റോഡില്‍ ഗതാഗത തടസം നേരിടുമ്പോള്‍ ഈ റോഡിലൂടെയാണ് വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നത്. മൂന്നു കിലോമീറ്ററോളം ദൂരമുളള റോഡ് ഒരേ വീതിയിലാക്കി അപകടങ്ങള്‍ കുറക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറവണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.