
കൊച്ചി: കാലവർഷത്തിന്റെ വരവ് അറിയിച്ച് ജില്ലയിൽ മഴ കനത്തുതുടങ്ങുന്നു. വരുംദിവസങ്ങളിൽ ഇത് ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസങ്ങളിൽ ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച യെല്ലോ അലേർട്ടായിരുന്നു. കാലവർഷത്തിന്റെ വരവുമായി ബന്ധപ്പെട്ട് അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യതയെന്നാണ് അധികൃതരിൽനിന്നുള്ള അറിയിപ്പ്.
തുടക്കത്തിൽ മധ്യ വടക്കൻ ജില്ലകളിലും തീരദേശ മേഖലയിലും ശക്തമാകുന്ന മഴ, കാറ്റ് ശക്തമാകുന്നത്തോടെ മലയോര മേഖലയിയിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നു. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. മുന്നറിയിപ്പുകൾ തിരിച്ചറിഞ്ഞ് മാത്രം വേണം യാത്രകൾ ആസൂത്രണം ചെയ്യാൻ. അറബികടലിലും കാറ്റ് ശക്തമാകുന്നതിനാൽ കടലിൽ പോകുന്നവരും മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം.
മഴക്കണക്കുകൾ…
കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം വ്യാഴാഴ്ച ആലുവയിൽ നാല് മില്ലീമീറ്റർ, എറണാകുളം സൗത്ത്-ഏഴ്, സിയാൽ 18.1, പിറവം 23, പെരുമ്പാവൂർ അഞ്ച്, മട്ടാഞ്ചേരി 14.5, പള്ളുരുത്തി 15.5, കളമശ്ശേരി 13.5, കൂത്താട്ടുകുളം 5.5, ചൂണ്ടി അഞ്ച് മില്ലീമീറ്റർ എന്നിങ്ങനെയാണ് മഴ ലഭിച്ചത്. വരും ദിവസങ്ങളിൽ ഈ കണക്കുകൾ ഉയരുമെന്നാണ് കാലാവസ്ഥ വിഭാഗം നൽകുന്ന മുന്നറിയിപ്പ്.
രോഗങ്ങൾ വരാതെ സൂക്ഷിക്കാം…
കാലാവസ്ഥയിലെ മാറ്റങ്ങൾ രോഗങ്ങൾക്ക് വഴിവെക്കുന്നുണ്ട്. പനിയടക്കം പകർച്ചവ്യാധികളും വിട്ടുമാറാത്ത ചുമയും സമീപ ആഴ്ചകളിലായി നിരവധി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച മാത്രം 589 പേർ പേർ പനിബാധിച്ച് ഒ.പിയിൽ ചികിത്സ തേടി. ഇതിൽ 13 പേരെ കിടത്തി ചികിത്സക്ക് നിർദേശിച്ചിട്ടുണ്ട്. ഒരാഴ്ചക്കിടെ പനി ബാധിച്ച് 2643 പേർ ഒ.പിയിൽ ചികിത്സ തേടിയപ്പോൾ 69 പേരെ കിടത്തി ചികിത്സക്ക് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
ശുദ്ധമായ തിളപ്പിച്ചാറിയ വെള്ളം ആവശ്യത്തിന് കുടിച്ച് ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധപുലർത്തണം. പുറത്ത് നിന്ന് വാങ്ങുന്ന പാനീയങ്ങളിൽ ശ്രദ്ധവേണം. മഴക്കാല രോഗങ്ങളെ ചെറുക്കാൻ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി പച്ചക്കറികൾ, ഓറഞ്ച്, മുളപ്പിച്ച പയർ വർഗങ്ങൾ തുടങ്ങി വിറ്റാമിൻ സി അടങ്ങിയ ഭക്ഷണപദാർഥങ്ങൾ കഴിക്കാവുന്നതാണ്. ജങ്ക് ഫുഡ് കഴിവതും ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, ഇടക്കിടെ കൈകഴുകുന്ന ശീലം തുടരുക എന്നിങ്ങനെ കാര്യങ്ങളൊക്കെ ശ്രദ്ധിക്കണം.
കരുതലുണ്ടാകണം
- സുരക്ഷിതത്വം സംബന്ധിച്ച അധികാരികളുടെ നിര്‍ദേശങ്ങൾ കര്‍ശനമായി പാലിക്കണം
- മഴ ശക്തമായി ഒഴുക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ നദികളില്‍ കുളിക്കുന്നതും മീന്‍പിടുത്തത്തിന് ഇറങ്ങുന്നതുമൊക്കെ ഒഴിവാക്കുക.
- വാഹനങ്ങൾ സുരക്ഷിതമായി മാത്രം ഉപയോഗിക്കുക. ബ്രെയ്ക്ക്, വിന്‍ഡ് ഷീല്‍ഡ്കള്‍, വൈപ്പര്‍, ടയറുകള്‍, ഹെഡ് ലൈറ്റ്, ഹോണ്‍ എന്നിവ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുക. വേഗത കുറക്കുക.
- മഴയിൽ റോഡുകളില്‍ പുതുതായി ഗര്‍ത്തങ്ങളുണ്ടാവാനിടയുണ്ടെന്നത് ഓര്‍ക്കുക.
- വെള്ളം പൊങ്ങാന്‍ സാധ്യതയുള്ളതും പരിചയമില്ലാത്തതുമായ സ്ഥലത്തെ വാഹനയാത്രകള് ഒഴിവാക്കുക.
- കനത്ത മഴയത്ത് വാഹനങ്ങളുടെ ബ്രേക്കിങ് കുറയാനും തെന്നാനും സാധ്യത വളരെ കൂടുതലാണെന്നത് ഓർത്തിരിക്കുക.
- പൊതുസ്ഥലങ്ങളില്‍ ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീഴാനും താഴ്ന്നു കിടക്കാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
- വീടിനുള്ളിൽ വെള്ളം കയറാനുള്ള സാധ്യത മുന്നിൽകണ്ടാൽ, മെയിന്‍ സ്വിച്ച് ഓഫാക്കുക. വൈദ്യുത ഉപകരണങ്ങള്‍ വേര്‍പെടുത്തി നനയാതെ സൂക്ഷിക്കുക.
- അടിയന്തര സാഹചര്യങ്ങളിൽ അധികൃതരെ ബന്ധപ്പെടുക.
+ There are no comments
Add yours