
തൃക്കളത്തൂർ പള്ളിത്താഴത്തുണ്ടായ വാഹനാപകടം
മൂവാറ്റുപുഴ: എം.സി റോഡിൽ തൃക്കളത്തൂരിൽ വീണ്ടും അപകടം. വെള്ളിയാഴ്ച രാവിലെ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ലോറിയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചതാണ് ഒടുവിലത്തെ സംഭവം. കൊല്ലം കടയ്ക്കൽ പുലിപാറ ജെസ്ന മ൯സിലിൽ സജാദ് (37) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പിക്കപ്പ് വാൻ ഡ്രൈവർ കാട്ടാക്കട സ്വദേശി ബിലു ഡേവിസിനെ (32) കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച ഇതേ സ്ഥലത്ത് സ്കൂട്ടറിൽ കാറിടിച്ച് ഒരാൾ മരിച്ചിരുന്നു. അമിതവേഗതയും അശ്രദ്ധയുമാണ് മേഖലയെ കുരുതിക്കളമാക്കി മാറ്റിയിരിക്കുന്നത്.
ഒരു വർഷത്തിനിടെ തൃക്കളത്തൂർ-പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി വരെയുള്ള മൂന്നു കിലോമീറ്റർ ദൂരത്ത് നടന്നത് അമ്പതിലേറെ അപകടങ്ങളാണ്. ഒമ്പത് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എട്ടുവർഷം മുമ്പ് റോഡ് സേഫ്റ്റി കമ്മിറ്റി നിർദേശിച്ച സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാകാത്തതാണ് അപകടങ്ങൾ പെരുകാൻ കാരണം. തൃക്കളത്തൂർ മേഖലയിൽ റോഡ് സേഫ്റ്റി കമ്മിറ്റി നിർദേശിച്ച സംവിധാനങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചിരുന്നു. ഉടൻ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നിട്ടില്ല. മൂവാറ്റുപുഴ-പെരുമ്പാവൂർ എം.സി റോഡിൽ ഏറ്റവും കൂടുതൽ വാഹനാപകടങ്ങളും മരണങ്ങളും നടക്കുന്നത് തൃക്കളത്തൂർ ഭാഗത്താണ്.
അപകടങ്ങൾ തുടർക്കഥയായതോടെയാണ് എട്ടു വർഷം മുമ്പ് വിദഗ്ധസമിതി യോഗം ചേർന്ന് അപകടങ്ങൾ കുറക്കാൻ നിർദേശങ്ങൾ സമർപ്പിച്ചത്. പെരുമ്പാവൂർ മുതൽ മൂവാറ്റുപുഴ വരെ 20 കിലോമീറ്റർ ദൂരത്ത് എട്ട് ഇടങ്ങൾ വിദഗ്ധ സംഘത്തിന്റ പരിശോധനയിൽ അപകട മേഖലകളായി കണ്ടെത്തിയിരുന്നു. ഇതിൽ ഏറ്റവും വലിയ അപകട മേഖലയായി കണ്ടെത്തിയത് തൃക്കളത്തൂരായിരുന്നു. ഇവിടങ്ങളിൽ അപകടങ്ങൾ കുറയ്ക്കാൻ നിരവധി പരിഹാരമാർഗങ്ങളും നിർദേശിച്ചിരുന്നു. മുന്നറിയിപ്പ് സംവിധാനങ്ങൾ, വേഗത കുറക്കുന്നതിന് സ്പീഡ് ബ്രേക്കർ സ്ഥാപിക്കൽ തുടങ്ങിയ നിർദേശങ്ങളാണ് വിദഗ്ധ സമിതി മുന്നോട്ടുവച്ചത്. ചില ഭാഗങ്ങളിൽ ഓവർടേക്കിങ് ഒഴിവാക്കാൻ ട്രാഫിക് കോൺ സ്ഥാപിക്കുന്നതിനും ബസ് സ്റ്റോപ്പുകൾ നിലവിലുളള സ്ഥലങ്ങളിൽ നിന്ന് മാറ്റി സ്ഥാപിക്കുന്നതിനും തീരുമാനിച്ചിരുന്നു.�