
തസ്ലീമ ബീഗം, ഷാക്തി കുമാർ
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ പിടിയിലായ ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയുടെയും ആണ് സുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. ബംഗ്ലാദേശ് കുല്‍നാസദര്‍ രുപ്ഷാവെരിബാദ് സ്വദേശിനി തസ്ലീമ ബീഗം (28) ബിഹാര്‍ നവാദ ചിറ്റാര്‍കോല്‍ ഷാക്തി കുമാര്‍ (32) എന്നിവരാണ് ബുധനാഴ്ച പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്.
കണ്ടന്തറ ബംഗാള്‍ കോളനിയില്‍നിന്നാണ് ഇവരെ പിടികൂടിയത്. കൊച്ചി സിറ്റിയിലെ വിവിധ ലോഡ്ജുകളിലെ താമസത്തിനുശേഷം ബുധനാഴ്ചയാണ് കണ്ടന്തറയിലെത്തിയത്. ഉടൻ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഏജന്റ് മുഖേനയാണ് അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്കെത്തിയതെന്നും തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കറങ്ങി ബംഗളൂരുവിലെത്തുകയും അവിടെവച്ചാണ് ആണ്‍സുഹൃത്തിനെ കണ്ടതെന്നുമാണ് യുവതി പറയുന്നതെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പല സ്ഥലങ്ങളിലും സഞ്ചരിച്ചാണ് കേരളത്തിലെത്തിയത്.
ജില്ലയില്‍ ഇവര്‍ താമസിച്ച സ്ഥലങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.
യുവതിയില്‍നിന്ന് വ്യാജ ആധാറും പാന്‍ കാര്‍ഡും പൊലീസ് കണ്ടെടുത്തു. ഇതും ഏജന്റ് ശരിയാക്കി നല്‍കിയതാണെന്നും കഴിഞ്ഞ അഞ്ച് മാസമായി കേരളത്തിലുണ്ടെന്നും യുവതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന പൊലീസ് ആസ്ഥാനത്ത് രണ്ടുപേരെയും ചോദ്യംചെയ്തു. എന്‍.ഐ.എ, ഇന്റലിജന്‍സ് ബ്യൂറോ, എ.ടി.എസ് തുടങ്ങിയവരും ചോദ്യംചെയ്തു. ഇന്‍സ്പെക്ടര്‍ ടി.എം. സൂഫിയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ പി.എം. റാസിഖ്, റിന്‍സ് എം. തോമസ്, ലാല്‍ മോഹന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.�