കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ സംസ്ഥാന വഖഫ് ബോർഡ് നടപടിക്കെതിരെയടക്കം ഫാറൂഖ് കോളജ് മാനേജ്മെന്റ് നൽകിയ രണ്ട് അപ്പീലുകളും വഖഫ് ട്രൈബ്യൂണൽ ഡിസംബർ ആറിന് മാറ്റി.
കൂടുതൽ രേഖകളും മറ്റും ഹാജരാക്കാനാണ് മാറ്റിയത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന ബോർഡിന്റെ 2019ലെ ഉത്തരവും തുടർന്ന് സ്ഥലം വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്താനുള്ള രണ്ടാമത്തെ ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഫാറൂഖ് കോളജിന്റെ അപ്പീലുകൾ.
നിസാർ കമീഷന്റെ റിപ്പോർട്ട് വന്നതോടെ സർവേയടക്കമുള്ള തുടർ നടപടിയെടുക്കാതെ സ്വമേധയാ ബോർഡ് സ്ഥലമേറ്റെടുത്തെന്നാണ് വാദം. ബോർഡിലുള്ള അടിസ്ഥാന രേഖകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. അത് പരിശോധിച്ച ശേഷം തുടർ നടപടികളാണ് ഇനി കോടതിയിൽ നടക്കുക.
നിസാർ കമീഷൻ നടപടി വന്നപ്പോൾ മാനേജ്മെന്റ് അന്നുതന്നെ ഹാജരായി വഖഫ് ഭൂമിയല്ലെന്ന് അറിയിച്ചിരുന്നുവെന്നാണ് കോളജിന്റെ വാദം. ഭൂമി ക്രയവിക്രയത്തിനും ദാനം ചെയ്തയാൾക്ക് തിരിച്ചെടുക്കാനുമുള്ള അവകാശമുള്ളതിനാൽ വഖഫിന്റെ പരിധിയിൽ വരില്ലെന്ന് വാദിച്ചാണ് അഡ്വ. കെ.പി. മായൻ, അഡ്വ. വി.പി. നാരായണൻ എന്നിവർ മുഖേന ഫാറൂഖ് കോളജ് മാനേജ്മെന്റ് അപ്പീൽ നൽകിയത്.
ഫാറൂഖ് കോളജിനുവേണ്ടി സ്ഥലം വിൽക്കാമെന്നും കോളജിന്റെ ആവശ്യത്തിന് ഉപയോഗിക്കാമെന്നും ആധാരത്തിലുള്ളതിനാൽ ദാനം നൽകിയ സ്ഥലമായേ പരിഗണിക്കാനാവൂവെന്നാണ് വാദം. ഏതെങ്കിലും കാലത്ത് കോളജ് ഇല്ലാതായാൽ ഉടമക്ക് സ്വത്ത് തിരിച്ചുനൽകണമെന്നും രേഖയിലുണ്ട്.
അതിനാൽ, ഒരു നിലക്കും വഖഫിന്റെ പരിധിയിൽ വരില്ലെന്നാണ് കോളജ് മാനേജ്മെന്റിന്റെ ട്രൈബ്യൂണലിലുള്ള നിലപാട്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നും വില്പന നടത്തിയ നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഭൂമി നല്കിയ സിദ്ദീഖ് സേട്ടിന്റെ ബന്ധു ഇർഷാദ് സേട്ടും അഖില കേരള വഖഫ് സംരക്ഷണ സമിതി ഫറോക്ക് ഏരിയ കമ്മിറ്റിയും കക്ഷിചേരുമെന്ന് അറിയിച്ചിട്ടുണ്ട്. മുനമ്പത്തെ 404.76 ഏക്കർ സ്ഥലത്തെ ചൊല്ലിയാണ് കേസ്.