കൊച്ചി: യുവാവിനെ ബ്ലേഡ്കൊണ്ട് ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ നാലംഗ സംഘം പിടിയിൽ. കോട്ടയം പരിപ്പ് സ്വദേശിനി ബിജി (27), കൊല്ലം ചെമ്പനരുവി സ്വദേശി രതീഷ് (24), ആലുവ എടത്തല സ്വദേശി ആതുല്‍ (21), പ്രായപൂർത്തിയാകാത്ത അരൂർ സ്വദേശി എന്നിവരെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ വിവിധ കേസുകളിലെ പ്രതികളാണ്. എറണാകുളം നോർത്ത് മേൽപ്പാലത്തിന് താഴെ ശനിയാഴ്ച പുലർച്ച 2.30നാണ് ഹോട്ടൽ ജീവനക്കാരൻ കൊല്ലം സ്വദേശി പ്രവീണിനെ ആക്രമിച്ച് 58,000 രൂപ വില വരുന്ന ആപ്പിൾ ഐഫോൺ കവർന്നത്.
മൊബൈൽ തട്ടിയെടുത്ത ശേഷം ബ്ലേഡ് കൊണ്ട് കഴുത്തിലും കൈയിലും മുറിവേൽപിക്കുകയായിരുന്നു. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. അക്രമത്തിനു പിന്നാലെ രക്ഷപ്പെട്ട പ്രതികളെ മണിക്കൂറുകൾക്കകം നോർത്ത് പൊലീസ് ആലുവയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നാണ് പിടികൂടിയത്. എറണാകുളം നോര്‍ത്ത് ഇന്‍സ്പെക്ടര്‍ സജിഷ് കുമാർ, എസ്.ഐമാരായ പ്രദീപ്, രതീഷ്, സി.പി.ഒ.മാരായ ആനന്ദരാജന്‍, വാസന്, ബിനോജ്, അജിലേഷ്, റിനു, ഷിജു, ജിത്തു, ഹരികൃഷണന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.