പെരുമ്പാവൂര്‍: ജില്ല പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍നിന്ന് 20 ലക്ഷം മുടക്കി വെങ്ങോല പഞ്ചായത്ത് 12ാം വാര്‍ഡിലെ വാരിക്കാട് ആക്കാച്ചേരി പൊട്ടക്കുളം നവീകരിച്ചതില്‍ ഗുരുതര ക്രമക്കേട് നടന്നതായ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. വെങ്ങോല സ്വദേശിയായ പൊതുപ്രവര്ത്തകന് എം.എസ്. അനൂപ് സമര്‍പ്പിച്ച ഹരജിയിലാണ് ഇതുസംബന്ധിച്ച് വിജിലന്‍സ് എറണാകുളം യൂനിറ്റിനോട് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.
വാര്‍ഡ് മെംബര്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വ്യാജ കത്ത് പഞ്ചായത്ത് ഭരണസമിതിക്ക് സമര്‍പ്പിച്ചതായി പരാതിക്കാരന് പറയുന്നു. പ്രോജക്ട് റിപ്പോര്‍ട്ടിന് വിരുദ്ധമായി കുളത്തിലെ ചളി നീക്കം ചെയ്യാതെയും ഫൗണ്ടേഷന് ബെല്‍റ്റ് വാര്‍ക്കാതെയും മിഡില്‍ ബെല്‍റ്റ് കരിങ്കല്‍കെട്ട് എന്നിവയില്‍ കൃത്രിമം കാണിച്ചു. ഇതുമായി ബന്ധപ്പെട്ടവര്‍ അളവിലും കണക്കിലും കൃത്രിമംകാട്ടി കൂടുതല്‍ തുക കരാറുകാരന് നല്കി അഴിമതി നടത്തിയതായും പരാതിക്കാരന് ആരോപിക്കുന്നു.
നിര്‍മാണം വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ വിശദമായ വാദം കേട്ടശേഷം കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വാര്‍ഡ് മെംബര്‍, ജില്ല പഞ്ചായത്ത് മെംബര്‍, കരാറുകാരന്, പഞ്ചായത്ത് ജീവനക്കാര്‍ എന്നിങ്ങനെ ആറുപേര്ക്കെതിരെയായിരുന്നു കേസ്. ഹരജിക്കാരന് വേണ്ടി അഡ്വ. എ.കെ. ശ്രീകാന്ത് ഹാജരായി.