കളമശ്ശേരി: കനത്ത മഴയിൽ കുന്നിടിച്ച് നിരപ്പാക്കിയിടത്തുനിന്ന് മണ്ണും ചളിയും സമീപത്തെ കുത്തിയൊലിച്ച് രണ്ടു വീടുകളിലും സ്ഥാപനത്തിലും വൻ നാശനഷ്ടം.
നോർത്ത് കളമശ്ശേരി കരിപ്പായി റോഡിൽ ജോസ് വില്ലയിൽ എം.ആർ. ജോസ്, പാലക്കീഴിൽ ബേബി എന്നിവരുടെ വീടുകളിലും സമീപത്തെ എ.സി, ഫ്രിഡ്ജ് സർവീസ് നടത്തുന്ന നൈസ് ഫ്രീസിലേക്കും ചളിയും മണ്ണും ഇരച്ചുകയറി. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ പെയ്ത കനത്ത മഴയെത്തുടർന്നാണ് സംഭവം.
ഉരുൾപൊട്ടിയതുപോലെയാണ് വീടിനുള്ളിലേക്ക് മണ്ണ് വന്നടിഞ്ഞത്. സാധന സാമഗ്രികളും ഭക്ഷ്യവസ്തുക്കളും നശിച്ചു. പത്താം പിയൂസ് പള്ളിക്ക് സമീപത്തെ റബർ തോട്ടം മണ്ണുമാറ്റി നിരപ്പാക്കിയിടത്ത് നിന്നാണ് മണ്ണൊലിച്ചിൽ ഉണ്ടായത്. ഇവിടെ വീടുകൾക്ക് പിറകിൽ ഒരു സുരക്ഷസംവിധാനങ്ങളും ഏർപ്പെടുത്താതെയാണ് മണ്ണെടുത്തത്. മഴ പെയ്തതോടെ അവിടെ നിന്ന് ശക്തമായ നിലയിൽ മണ്ണ് കുത്തിയൊലിച്ചുവരികയായിരുന്നു. ഒഴുക്കിന്റെ ശക്തിയിൽ ജോസിന്റെ വീടിന്റെ പിൻവാതിൽ തകർന്ന് ചളിയും മണ്ണും അകത്ത് മുറികളിലേക്ക് കയറി. അത് മുൻവാതിലിലൂടെ റോഡിലേക്ക് കുത്തിയൊലിച്ച് സമീപത്തെ ബേബിയുടെ വീടിനകത്തേക്ക് പാഞ്ഞുകയറി. വീടുകളിലുണ്ടായിരുന്നവർ സുരക്ഷിതരാണെങ്കിലും വലിയ നഷ്ടമാണ് ഉണ്ടായത്.