അങ്കമാലി: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ കേസിൽ യുവാവിനെ മൂർഷിദാബാദിൽ നിന്ന് പിടികൂടി.
പശ്ചിമ ബംഗാൾ മൂർഷിദാബാദ് ജാലങ്കി സ്വദേശി സബൂജിനെയാണ് (22) സംഭവം നടന്ന് ദിവസങ്ങൾക്കകം അങ്കമാലി പൊലീസ് പിടികൂടിയത്.
അങ്കമാലി ഭാഗത്ത് വാടകക്ക് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശികളായ ദമ്പതികളുടെ മകളെ കാണാതായതായി കഴിഞ്ഞ ഞായറാഴ്ച പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചു. അന്വേഷണത്തിൽ പ്രതി പെൺകുട്ടിയേയും കൊണ്ട് ബസിൽ ബംഗളുരുവിലെത്തിയതായും അവിടെ നിന്ന് വിമാനമാർഗം കൊൽക്കത്തയിലേക്ക് കടന്നതായും അറിഞ്ഞു. സബ് ഇൻസ്പെക്ടർ കെ. പ്രദീപ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അജിത് കുമാർ എന്നിവർ ഉടൻ കൊൽക്കത്തയിലെത്തി. അവിടെ നിന്ന് റോഡ് മാർഗം ബംഗ്ലാദേശ് അതിർത്തിയിലെ ഉൾഗ്രാമമായ ജാലങ്കിയിലെത്തി അന്വേഷണം തുടങ്ങി.
പ്രതിയുടെ വീട്ടിൽ പെൺകുട്ടിയെ താമസിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് വിവരം ലഭിച്ചതോടെ ജാലങ്കി പൊലീസിന്റെ സഹായത്തോടെ അവിടെയെത്തി സാഹസികമായി പ്രതിയെയും പെൺകുട്ടിയേയും പിടികൂടി കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു.