ഫോർട്ട്കൊച്ചി: കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ നവീകരണത്തെ തുടർന്ന് റോഡിന് വീതി കുറഞ്ഞതായി നാട്ടുകാരുടെ പരാതി. ഫോർട്ട്കൊച്ചി റോ റോ ജെട്ടി മുതൽ ആസ്പിൻ വാൾ കവല വരെയുള്ള റോഡിന്റെ നിർമാണത്തിലാണ് വ്യാപക പരാതി ഉയർന്നിരിക്കുന്നത്. നിലവിൽ റോ റോ വെസലിലേക്ക് കയറാനുള്ള ഊഴം കാത്ത് കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഈ റോഡരികിലാണ് കാത്തുകിടക്കുന്നത്.
ഇങ്ങനെ ടേൺ കാത്ത് കിടക്കുന്ന വാഹനങ്ങൾ കാരണം റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിന് പ്രയാസം നേരിട്ടു വരികയാണ്. ഇതുമൂലം സ്ഥിരമായി വലിയ ഗതാഗതക്കുരുക്കം ഉണ്ടാകാറുണ്ട്. ഈ അവസ്ഥയിലാണ് നടപ്പാതയിൽ നിന്ന് ഒരടി കൂടി വിട്ട് റോഡിൽ കല്ല് സ്ഥാപിക്കുന്നത്.
ഇതോടെ ഇപ്പോഴുള്ള റോഡിന്റെ വീതി വീണ്ടും കുറയും. സംസ്ഥാനത്തെ തന്നെ പ്രധാന ടൂറിസം മേഖലയായ ഇവിടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിനസേന എത്തുന്നത്. റോഡിന് വീതി കുറയുന്നതോടെ ഇവിടെ ഗതാഗതക്കുരുക്ക് സാധ്യതയുണ്ട്. അത് ടൂറിസത്തെ മാത്രമല്ല വാണിജ്യത്തെയും സാരമായി ബാധിക്കും.
ഏതാണ്ട് ഒരു വർഷത്തോളമായി ഇവിടെത്തെ റോഡ് നിർമാണ ജോലികൾ ഇഴഞ്ഞുനീങ്ങുകയാണ്. റോഡിന് വീതി കുറയുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.