മൂവാറ്റുപുഴ: കുട്ടികളുടെ ഫുട്‌ബാള്‍ മത്സരത്തിനിടെ വടിവാളുമായെത്തി ഭീഷണിപ്പെടുത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമറ്റം പ്ലാമൂട്ടിൽ പി.എ. ഹാരിസാണ് (40) അറസ്റ്റിലായത്.
ശനിയാഴ്ച വൈകീട്ടാണ് സംഭവം. മാറാടി കുരുകുന്നപുരം പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ടൂര്‍ണമെന്റിനിടെ ഹാരിസിന്‍റെ മകൻ ഫൗൾ ചെയ്തതിന് റെഡ് കാർഡ് നൽകി പുറത്താക്കിയിരുന്നു. ഇതിനുശേഷം കളിയില്‍നിന്ന് മാറ്റണമെന്നും ഗ്രൗണ്ടില്‍നിന്ന് പോകണമെന്നും റഫറിയും കളിക്കാരും ആവശ്യപ്പെട്ടെങ്കിലും കുട്ടി തയാറായില്ല. ഇതിനിടെ ഗ്രൗണ്ടിൽ തർക്കവുമുണ്ടായി.
മകന് ഗ്രൗണ്ടിൽവെച്ച് മർദനമേറ്റെന്ന് പറഞ്ഞ് സ്ഥലത്തെത്തിയ ഹാരിസ് വടിവാളെടുത്ത് ഭീഷണി മുഴക്കുകയായിരുന്നു. കൂടെ എത്തിയവരാണ് ഹാരിസിനെ പിന്തിരിപ്പിച്ചത്. ഹാരിസ് കുട്ടികളെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ കുട്ടികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്.