പറവൂർ: കെ.എസ്.ഇ.ബി വടക്കേക്കര സെക്ഷൻ ഇല്ലാതാക്കാനുള്ള നീക്കത്തിൽ നിന്നും കെ.എസ്.ഇ.ബി ലിമിറ്റഡ് അധികൃതർ പിന്മാറണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ, വകുപ്പ് മന്ത്രി, കെ.എസ്.ഇ.ബി എന്നിവർക്ക് നിവേദനം നൽകാൻ ചിറ്റാറ്റുകര പഞ്ചായത്ത് ഭരണ സമിതി യോഗം ഐകകണ്ഠ്യന തീരുമാനിച്ചു.
മട്ടാഞ്ചേരി ഡിവിഷന് കീഴിലുള്ള എടവനക്കാട് കേന്ദ്രീകരിച്ച് പുതിയ സെക്ഷൻ വരുന്നതുമായി ബന്ധപ്പെട്ടാണ് പറവൂർ നിയോജകമണ്ഡലത്തിലെ വടക്കേക്കര സെക്ഷൻ മൂത്തകുന്നം സെക്ഷനിൽ ലയിപ്പിക്കുന്നതിനുള്ള നടപടികളുമായി കെ.എസ്.ഇ.ബി മുന്നോട്ട് പോകുന്നത്. എടവനക്കാട് ഡിവിഷനിലേക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാതെ നിലവിൽ പറവൂർ ഡിവിഷന് കീഴിലുള്ള വടക്കേക്കര സെക്ഷനിലെ ജീവനക്കാരെ ഉപയോഗപ്പെടുത്തി ഓഫിസ് പ്രവർത്തനം തുടങ്ങാനുള്ള ആലോചനകളാണ് നടക്കുന്നത്.
വടക്കേക്കര സെക്ഷൻ ഓഫിസ് ഇല്ലാതായാൽ മേഖലയിലെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലാകും. ദേശീയപാത 66 യാഥാർഥ്യമാകുന്നതോടെ മൂത്തകുന്നം മേഖലയിൽ വലിയ വികസന സാധ്യതക്ക് വഴി തുറക്കാനിടയുണ്ട്. താമസക്കാരും വർധിക്കാനിടയുണ്ട്. ഇതെല്ലാം മുൻകൂട്ടി കണ്ട് വൈദ്യുതി വിതരണം സുഗമമാക്കാൻ വടക്കേക്കര സബ് സ്റ്റേഷൻ അപ്ഗ്രേഡ് ചെയ്യുകയാണ് വേണ്ടത്.
വടക്കേക്കര സെക്ഷൻ ഇല്ലാതായാൽ മതിയായ ജീവനക്കാരുടെ അഭാവം മൂലം വിതരണ രംഗം താളം തെറ്റുമെന്ന് ഉറപ്പാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് ശാന്തിനി ഗോപകുമാർ പറഞ്ഞു. ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടികളിൽ നിന്ന് കെ.എസ്.ഇ.ബി അധികൃതർ പിൻമാറണമെന്നും വടക്കേക്കര സെക്ഷൻ നിലനിർത്തണമെന്നും സി.പി.എം ചിറ്റാറ്റുകര ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.