കോതമംഗലം: ഭൂതത്താൻകെട്ടിൽ ടൂറിസത്തിന്റെ ഭാഗമായി വെള്ളം ശേഖരിച്ചിരുന്ന തടയണയുടെ സംരക്ഷണഭിത്തി തകർന്നു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. സംരക്ഷണഭിത്തി ഇടിഞ്ഞ് ദ്വാരം രൂപപ്പെട്ട് വെള്ളം പെരിയാറിലേക്കാണ് ഒഴുകുന്നത്. വെള്ളം കുത്തിയൊഴുകി ദ്വാരം വലുതാകുന്നതോടെ തടയണക്ക് ഭീഷണി ഉയരുമെന്ന് കണ്ടതോടെ പെരിയാർവാലി അധികൃതർ ഷട്ടർ ഉയർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല.
ഒഴുക്കിന്റെ ശക്തി കുറക്കാൻ ഭൂതത്താൻകെട്ട് ബാരേജിന്റെ 15 ഷട്ടറുകളും ഒരു മീറ്റർ വീതം താഴ്ത്തി പെരിയാറിൽ ജലനിരപ്പ് ചെറുതായി ഉയർത്തി. ബാരേജിന്റെ ഷട്ടറുകൾ തുറന്ന് പെരിയാറിൽ ജലനിരപ്പ് താഴുമ്പോൾ ബോട്ടിങ് ഉൾപ്പെടെയുള്ള വിനോദ പരിപാടികൾക്കായായി നിർമിച്ചതാണ് തടയണ. മഴ ശക്തമായതോടെ ഇവിടെ ബോട്ടിങ് നിർത്തിവെച്ചിരുന്നു. പെരിയാർവാലി കനാലുകളിൽ ജലവിതരണത്തിന് വെള്ളം കൊണ്ടുപോകുന്നത് ഇതുവഴിയാണെങ്കിലും തടയണയുടെ തകരാർ ഇതിനെ ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.