കൊച്ചി: എറണാകുളം പബ്ലിക് ലൈബ്രറിയുടെയും ജനറൽ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ‘ബുക് സ്റ്റാൻഡർ: ലൈബ്രറി ആൻഡ് റീഡിങ് കോർണർ’ വ്യാഴാഴ്ച പൊതുജനങ്ങൾക്കായി സമർപ്പിക്കും. ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിക്കും.
എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, കാൻസർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ട്രോമാ കെയർ ബ്ലോക്ക് എന്നിവിടങ്ങളിലാണ് പദ്ധതി ഒരുക്കുന്നത്.
പബ്ലിക് ലൈബ്രറിക്ക് വേണ്ടി സെക്രട്ടറി കെ.പി. അജിത് കുമാറാണ് നിർദേശം സമർപിച്ചത്. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷായുടെ മുൻകൈയിൽ സംരംഭം യാഥാർഥ്യമാകുകയായിരുന്നു. സമീപത്തെ രജിസ്റ്ററിൽ സ്വയം രേഖപ്പെടുത്തി എടുക്കുകയും തിരിച്ച്വെക്കുകയും ചെയ്യാവുന്ന വിധത്തിലാണ് ക്രമീകരണം. പുസ്തകങ്ങൾ രോഗാണുവിമുക്തമാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷാ അറിയിച്ചു.