കൊച്ചി: മലങ്കരയിലെ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷവും കോടതി വിധി നടത്തിപ്പും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ വേളയിൽ സർക്കാർ ഖജനാവിന് ബാധ്യതയാകുന്നു.
നേരത്തേ സഭ തർക്കത്തിന്റെ പേരിലെ ക്രമസമാധാനപാലനമായിരുന്നു സർക്കാറുകൾക്ക് ബാധ്യതയെങ്കിൽ ഇപ്പോൾ കോടതിവിധി നടത്തിപ്പിനാണ് ഖജനാവിൽനിന്ന് കോടികൾ ചോരുന്നത്. വിധി നടത്തിപ്പിനായി തർക്കസ്ഥലങ്ങളിൽ പൊലീസ് സന്നാഹമൊരുക്കുന്നതും അനുബന്ധകാര്യങ്ങളുമാണ് സർക്കാറിന് ഭീമമായ ബാധ്യത വരുത്തുന്നത്.
2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ച് ഇതിനകം 62 പള്ളികളിലാണ് വിധി നടപ്പാക്കിയത്. മിക്കയിടത്തും ദിവസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കും സംഘർഷത്തിനും ശേഷമാണ് വിധി നടപ്പാക്കാനായത്. നൂറുകണക്കിന് പൊലീസുകാരാണ് ഇതിനായി നിയോഗിക്കപ്പെടുന്നത്. ഇവരുടെ പ്രതിദിന ഡ്യൂട്ടി ഇനത്തിൽ മാത്രം വൻതുകയാണ് ഖജനാവിന് നഷ്ടം. ഏറ്റവുമൊടുവിൽ ആറ് പള്ളികളിലെ വിധി നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കവും സംഘർഷവുമാണ് ഇതിൽ ശ്രദ്ധേയമാകുന്നത്. മഴുവന്നൂർ, പുളിന്താനം, ഓടക്കാലി പള്ളികളിൽ നാളുകളായി സംഘർഷമാണ്. വിധി നടത്തിപ്പിനായി അഞ്ചിലേറെ തവണയാണ് ഓരോ പള്ളിയിലും നൂറുകണക്കിന് പൊലീസുകാരെ നിയോഗിച്ചത്. സംഘർഷമുണ്ടായാൽ വേഗത്തിൽ തീരുമാനമെടുക്കുന്നതിനായി തഹസിൽദാർ അടക്കമുള്ള റവന്യൂ വകുപ്പുദ്യോഗസ്ഥരും ഇവിടങ്ങളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.സ്വകാര്യ ആവശ്യങ്ങൾക്കോ കോടതി നിർദേശപ്രകാരമോ സുരക്ഷക്ക് നിയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നാലുമണിക്കൂർ കണക്കാക്കി സർക്കാർ നേരത്തേ വേതനം നിശ്ചയിച്ചിരുന്നു. സി.ഐമാർക്ക് പകൽ 3795 രൂപയും രാത്രി 4750 രൂപയുമാണ് പ്രതിഫലം. എസ്.ഐമാർക്ക് യഥാക്രമം 2560, 4360, എ.എസ്.ഐ 1870, 2210, സീനിയർ സി.പി.ഒ 1245, 1580, സി.പി.ഒ 700, 1040 മറ്റുള്ളവർ 490, 700 എന്നിങ്ങനെയണ് നിരക്ക്. 2022 ജൂണിലാണ് ഇത് ഒടുവിൽ പരിഷ്കരിച്ചത്. ഇതുവെച്ച് കണക്കാക്കിയാൽപോലും പൊതുഖജനാവിന് ഒരുദിവസം നഷ്ടം ലക്ഷങ്ങളാണ്.
തിങ്കളാഴ്ച റൂറൽ ജില്ലയിലെ ഏകദേശം മുഴുവൻ പൊലീസും വിധി നടത്തിപ്പിന്റെ ഭാഗമായി വിവിധ പള്ളികളിലായിരുന്നു. ഇത് പലയിടത്തും സ്റ്റേഷൻ പ്രവർത്തനങ്ങളും അവതാളത്തിലാക്കി. ഇതോടൊപ്പം ബാരിക്കേഡുകൾ, ജലപീരങ്കി അടക്കം സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഒടുവിൽ പ്രതിഷേധത്തെതുടർന്ന് വിധി നടപ്പാക്കാനാകാതെ പിൻവാങ്ങുകയും ചെയ്തു. 2017ലെ സുപ്രീംകോടതി വിധിക്കുമുമ്പ് ഞായറാഴ്ച അടക്കമുള്ള ദിവസങ്ങളിൽ പള്ളികളിൽ സംഘർഷമൊഴിവാക്കലായിരുന്നു പൊലീസിന്റെ ചുമതല. ചിലയിടങ്ങളിൽ പള്ളി തുറന്ന് നൽകുന്നതും അടക്കുന്നതും പൊലീസായിരുന്നു. എന്നാൽ, 2017നുശേഷം വന്ന വിധി നടത്തിപ്പും തുടർ സംഘർഷങ്ങളുമാണ് പൊലീസിന് വീണ്ടും തലവേദനയായത്.