കിടങ്ങൂർ (കോട്ടയം): വിദേശജോലി വാഗ്ദാനംചെയ്ത് കിടങ്ങൂർ സ്വദേശിനിയായ യുവതിയിൽനിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. മൂവാറ്റുപുഴ വാളകം പുന്നയ്ക്കൽ പാപ്പാലിൽ വീട്ടിൽ ഷാൻ വർഗീസിനെയാണ് (32) കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഹംഗറിയിൽ നഴ്സിങ് അസിസ്റ്റന്റ് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പലതവണയായി അഞ്ച് ലക്ഷത്തോളം രൂപ വാങ്ങി. ഇതുകൂടാതെ, യുവതിയുടെ അക്കൗണ്ടിൽ 10 ലക്ഷം രൂപയുടെ നിക്ഷേപം കാണിക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ട് ബ്ലാങ്ക് ചെക്ക് വാങ്ങുകയും ചെയ്തു. ഈ ചെക്ക് വഴി അക്കൗണ്ടിൽ നിന്ന് 10 ലക്ഷം രൂപ പിൻവലിക്കുകയായിരുന്നു. തട്ടിപ്പിനിരയായെന്ന് മനസ്സിലായ യുവതി പൊലീസിൽ പരാതി നൽകി.
തുടർന്ന് ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയായിരുന്നു. കിടങ്ങൂർ എസ്.ഐ സൗമ്യൻ വി.എസ്, സി.പി.ഒമാരായ സന്തോഷ് കെ.കെ, സനീഷ് പി.എസ്, ജിതീഷ് പി.എസ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.