വൈപ്പിൻ: പുഴയിൽനിന്ന് ജെല്ലി മത്സ്യങ്ങൾ ചെമ്മീൻ കെട്ടുകളിൽ എത്തിയതോടെ കർഷകർ ആശങ്കയിൽ. ഇതുമൂലം ചെമ്മീനും മീനും പിടിച്ചെടുക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് നടത്തിപ്പുകാർ പറയുന്നു. കെട്ടുകളുടെ കാലാവധി അവസാനിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കുമ്പോഴാണ് ഈ അവസ്ഥ. ആഴ്ചകൾക്ക് മുമ്പ് പുഴയിൽ കണ്ടവ വ്യാപകമായതോടെ പുഴയിൽ വലവീശാനും വലനീട്ടാനും പറ്റാത്ത സ്ഥിതിയായി. മത്സ്യങ്ങളിലും ഗണ്യമായ കുറവുണ്ടായി. കൂട്ടത്തോടെ വലയിൽ കുടുങ്ങുന്ന ഇവയിൽനിന്ന് ചെമ്മീനും മറ്റും വേർതിരിച്ചെടുക്കുന്നതും ബുദ്ധിമുട്ടായി.
ഇപ്പോൾ ഇതേ അവസ്ഥ തന്നെയാണ് കെട്ടുകളിലുമെന്ന് കർഷകർ പറയുന്നു. തൂമ്പുകളിൽ വല സ്ഥാപിച്ചാൽ അൽപസമയംകൊണ്ട് ജെല്ലി മത്സ്യങ്ങൾ നിറയും. വല വീശിയാലും സ്ഥിതി വ്യത്യസ്തമല്ല. സാധാരണ കടലിൽ വ്യാപകമായി കാണുന്ന ഇവ പുഴയിലേക്ക് കാര്യമായതോതിൽ എത്തിയിരുന്നില്ല. ചെമ്മീന്റെ കുറവും വിലയിടിവും മൂലം പ്രതിസന്ധിയിലായ കർഷകർക്ക് പുതിയ തലവേദനയായിരിക്കുകയാണ് ഇവയുടെ വരവ്.