മട്ടാഞ്ചേരി: അവധിക്കാലം അടുത്തെത്തിയെങ്കിലും കൊച്ചിയിലെ മൈതാനങ്ങളുടെ ശോചനീയാവസ്ഥ കായിക മേഖലക്ക് തിരിച്ചടിയാകുന്നു. നൂറുകണക്കിന് ദേശീയ, സംസ്ഥാന മത്സരങ്ങൾ നടന്ന ഫോർട്ട്കൊച്ചി പരേഡ് മൈതാനത്തിന്റെ നിലവിലെ അവസ്ഥ ഏറെ പരിതാപകരമാണ്. കുണ്ടും കുഴിയും നിറഞ്ഞ മൈതാനത്തിൽ നിന്ന് കളിക്കാർക്ക് പരിക്കേൽക്കാനും സാധ്യതയേറെയാണ്.
സി.എസ്.എം.എൽ പദ്ധതി പ്രകാരം കഴിഞ്ഞ രണ്ടുവർഷമായി നവീകരണം നടക്കുന്നുണ്ടെങ്കിലും എവിടെയും എത്തുന്നില്ല. എല്ലാ നവീകരണ പ്രവർത്തനങ്ങളും തുടങ്ങിയിടത്തു തന്നെ. നവീകരണ മറവിൽ സമീപത്തെ ഹോട്ടലുകാരുടെയും ഹോം സ്റ്റേ ഉടമകളെയും സഹായിക്കാനായി മൈതാനത്തിന്റെ നല്ലൊരു ഭാഗം വാഹന പാർക്കിംഗിനായി കല്ല് കട്ടകൾ വിരിച്ചെങ്കിലും കായിക പ്രേമികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് വിരിച്ച കല്ലുകൾ എടുത്തുമാറ്റേണ്ടി വന്നു. 2017ൽ അണ്ടർ 17 ഫുട്ബാൾ ലോകകപ്പ് പരിശീലന വേദികളായി ഫ്ലഡ് ലൈറ്റ് അടക്കം നവീകരണത്തിന് കോടികൾ ചെലവഴിച്ച മൈതാനങ്ങളും ഇന്ന് പരാധീനതകളുടേതായി.
പരേഡ് മൈതാനവും വെളി മൈതാനവുമാണ് ഈ രണ്ട് മൈതാനങ്ങൾ. കോടികൾ ചെലവാക്കിയതല്ലാതെ ഒരു ഗുണവും കായികതാരങ്ങൾക്ക് ഉണ്ടായില്ലെന്ന് മാത്രം. സാന്താക്രൂസ് മൈതാനം, ട്രയാംഗിൾ മൈതാനം എന്നിവ സജ്ജമാക്കാൻ ഒരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ലെന്ന് പരക്കേ ആക്ഷേപമുണ്ട്. ടി.ഡി ഹൈസ്കൂൾ മൈതാനം, കൊച്ചിൻ കോളജ് ഗ്രൗണ്ട്, ചുള്ളിക്കൽ നഗരസഭ മൈതാനം, തോപ്പുംപ്പടി രാജീവ് ഗാന്ധി സ്റ്റേഡിയം തുടങ്ങി ഏറെ സൗകര്യങ്ങളൊരുക്കാൻ കഴിയുന്ന മൈതാനങങൾ കായിക ലോകത്തിന് അന്യമാവുകയാണ്.
ഉത്സവകാലങ്ങളിൽ മൈതാനങ്ങൾ അമ്യൂസ്മെൻറ് പാർക്കുകാർക്കും കച്ചവടക്കാർക്കും, മെഗാഷോകൾക്കും നൽകുന്നതോടെയാണ് ഏറെ നാശോന്മുഖമാകുന്നതെന്ന് കായിക താരങ്ങൾ പരാതിപ്പെടുന്നു. രാത്രിയായാൽ മൈതാനങ്ങൾ സാമൂഹികവിരുദ്ധരുടെ കേന്ദ്രവുമാണ്.