മൂവാറ്റുപുഴ: കാത്തിരിപ്പിന് വിരാമം; മുറിക്കല്ല് ബൈപാസ് നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. എന്നാൽ, ട്രഷറി നിയന്ത്രണം തുടരുന്നതിനാൽ കുറച്ചുപേർക്ക് പണം നൽകാത്തതിനാൽ ഭൂമിയുടെ കൈമാറ്റം നടന്നിട്ടില്ല. ഇത് പൂർത്തിയാക്കി താമസിയാതെ ഭൂമി കെ.ആർ.എഫ്.ഇക്ക് വിട്ടുകൊടുക്കാനാണ് റവന്യൂ വകുപ്പ് നീക്കം നടത്തുന്നത്. കടാതിയിൽ നിന്ന് ആരംഭിച്ച് 130 ൽ എം.സി.റോഡുമായി സ ന്ധിക്കുന്ന മൂന്ന് കിലോമീറ്റർ ബൈപാസിനായി 80 പേരിൽ നിന്ന് രണ്ട് ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. മുഴുവൻ പേരുടെയും ഭൂമി ഏറ്റെടുക്കൽ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.
എന്നാൽ, ട്രഷറി നിയന്ത്രണം മൂലം അഞ്ചോളം പേർക്ക് പണം നൽകാനുണ്ട്. ഇതു അടുത്ത ദിവസം തന്നെ പൂർത്തിയാകും.സ്ഥലം ഏറ്റെടുക്കാനും നിർമാണത്തിനുമായി വർഷങ്ങൾക്ക് മുമ്പെ പണം അനുവദിച്ചിരുന്നങ്കിലും ഭൂമി ഏറ്റെടുക്കൽ വൈകുകയായിരുന്നു. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 2014 ൽ ഏറെ കൊട്ടിഗ്ഘോഷിച്ച് കൊണ്ടുവന്ന പദ്ധതിയിലെ മൂവാറ്റുപുഴയാറിനു കുറുകെയുള്ള മുറിക്കല്ല് പാലം നിർമാണം പൂർത്തിയായിട്ട് ഒമ്പത് വർഷം പിന്നിട്ടു. ബൈപാസ് നിർമാണം നടക്കാത്തതു മൂലം പാലം തുറക്കാനുമായില്ല.
ബൈപാസ് നിർമാണം നീണ്ടതോടെ ഉയർന്ന പരാതിയിൽ ഭൂമി ഏറ്റെടുക്കൽ കഴിഞ്ഞ ഒക്ടോബറിൽ പൂർത്തിയാക്കുമെന്നു റവന്യു, കെ.ആർ .എഫ് .ബി ഉദ്യോഗസ്ഥർ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിക്ക് ഉറപ്പു നൽകിയിരുന്നെങ്കിലും നടപടിക്രമങ്ങൾ ഇഴഞ്ഞതിനാൽ സാധിച്ചിരുന്നില്ല.
കഴിഞ്ഞ ഏപ്രിലിൽ കിഫ്ബി പ്രോജക്ട് മാനേജ്മെന്റ് കമ്മിറ്റിയിൽ നിന്നു ഭൂമി ഏറ്റെടുക്കുന്നതിന് 57 കോടി രൂപ കെ.ആർ .എഫ് .ബി ക്കു കൈമാറിയിരുന്നു. എന്നാൽ, ഭൂവുടമകൾക്കു തുക കൈമാറി ഏറ്റെടുക്കാൻ നടപടികൾ വൈകിയതിനെ തുടർന്നാണ് താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയിൽ പരാതി എത്തിയത്. പരാതിയിൽ ഉദ്യോഗസ്ഥർക്ക് നോട്ടിസ് നൽകി വിളിച്ചുവരുത്തിയതോടെയാണ് ഭൂമിയേറ്റെടുക്കൽ ഒക്ടോബറിൽ പൂർത്തിയാക്കുമെന്നു ഇവർ വ്യക്തമാക്കിയത്.
ബൈപാസ് നിർമാണത്തിന് 2015 മുതൽ 2022 വരെ നടത്തിയ മൂന്ന് സർവേകളുടെ റിപ്പോർട്ടുകൾ കാലഹരണപ്പെട്ടു എന്നു ചൂണ്ടിക്കാട്ടി വീണ്ടും സർവേ നടത്തി കഴിഞ്ഞ വർഷം പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ബൈപാസ് നിർമാണത്തിന് 59.97 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ നിന്ന് പാലം നിർമാണത്തിനായി 14 കോടിയിലേറെ രൂപ ചെലവഴിച്ചു.
എം.സി. റോഡിലെ 130 കവലയില്നിന്ന് നിന്നാരംഭിച്ച്കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ കടാതി വരെയുള്ള മുറിക്കല്ല് ബൈപാസ് പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകും. സർവേ ഉദ്യോഗസ്ഥരുടെ കുറവുണ്ടായിരുന്നെങ്കിലും നാട്ടുകാരൻ കൂടിയായ സ്പെഷൽ തഹസിൽദാർ ബേസിൽ കുരുവിളയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലമെടുപ്പ് പൂർത്തിയാക്കിയത്.