കൊച്ചി: ഡിസംബറോടെ കോർപറേഷൻ പരിധിയിലെ തെരുവ് വിളക്കുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റുന്ന പ്രവർത്തി പൂർത്തിയാകുമെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. 30000ൽ ഏറെ എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിച്ചു. 40000 എൽ.ഇ.ഡി സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മേയർ പറഞ്ഞു. സ്ഥാപിച്ചതെല്ലാം ഗുണനിലവാരമുള്ളതാണ്. ഇവയിൽ വൈദ്യുതി ഉപഭോഗം, പ്രവർത്തന സമയം എന്നിവ അറിയാനുള്ള ഉപകരണങ്ങളും ഘടിപ്പിക്കും. ഇതുവഴി വൈദ്യുതി ചെലവ് ഉൾപ്പെടെ നിയന്ത്രിക്കാനും ഈ ഇനത്തിൽ കാര്യമായ കുറവ് വരുത്താനും കോർപറേഷന് കഴിയും.
ഫാർമസി ജങ്ഷൻ മുതൽ നോർത്ത് മേൽപാലം വരെ കേബിൾ ഇടുന്ന പ്രവൃത്ത സി.എസ്.എം.എൽ ചെയ്യണമെന്നാവശ്യപ്പെട്ട് കത്ത് നൽകും. ജൈവമാലിന്യം മുഴുവൻ ബ്രഹ്മപുരത്ത് സംസ്കരിക്കാനുള്ള കോർപറേഷന്റെ ലക്ഷ്യം യാഥാർഥ്യമാക്കാൻ ആധുനിക കോംപാക്ടർ ട്രക്കുകൾ സഹായകരമാകും. 15 ആധുനിക കോംപാക്ടർ ട്രക്കുകളാണ് ഇന്ന് നിരത്തിലിറക്കുന്നത്. ഇവ ഉപയോഗിച്ച് മാലിന്യം ശേഖരിക്കാനുള്ള പ്രധാന റോഡുകളിലെ കേന്ദ്രങ്ങൾ, ട്രിപ്പുകളുടെ എണ്ണം എന്നിവ സംബന്ധിച്ച് കൗൺസിലർമാരുമായി ആലോചിച്ച് ഹെൽത്ത് ഓഫിസർ 15 ദിവസത്തിനകം റിപ്പോർട് തയ്യാറാക്കണം. കൂടുതൽ ആർ.ആർ.എഫുകൾ സ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് മേയർ പറഞ്ഞു. പെരുമാനൂർ, ഗാന്ധിനഗർ, ഐലൻഡ്, വടുതല എന്നിവിടങ്ങളിലും ആർ.ആർ.എഫുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമെന്നും മേയർ പറഞ്ഞു.