കളമശ്ശേരി : കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ടിക്കറ്റ് വെൻഡിങ്ങ് മെഷിൻ നശിപ്പിക്കുകയും ചെയ്ത യുവാവിനെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
മട്ടാഞ്ചേരി ചെമ്പിട്ട പള്ളിക്ക് സമീപം കെ.സി റോഡിൽ മൊയ്തീൻക്ക വീട്ടിൽ ഇർഫാനാണ് (42) അറസ്റ്റിലായത്. പ്രതി സഞ്ചരിച്ചിരുന്ന ബസ്, സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിർത്തിയില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. കണ്ടക്ടറെയും ഡ്രൈവറെയും അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും കണ്ടക്ടറുടെ കഴുത്തിൽ കിടന്ന ടിക്കറ്റ് വെൻഡിങ്ങ് മെഷിൻ വലിച്ച് പൊട്ടിച്ചെടുത്ത് എറിഞ്ഞ് നാശ നഷ്ടമുണ്ടാക്കുകയും ചെയ്തു. അതോടെ യാത്രക്കാരും ജീവനക്കാരും ചേർന്ന് പ്രതിയെ തടഞ്ഞുനിർത്തി. പിന്നാലെ വിവരമറിഞ്ഞെത്തിയ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിക്ക് ജില്ലയിൽ തന്നെ പല സ്റ്റേഷനുകളിലായി എട്ടോളം കേസ് നിലവിലുള്ളതായി പൊലീസ് പറഞ്ഞു. സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്യാം ലാൽ, സെബാസ്റ്റ്യൻ പി. ചാക്കോ, സി.പി.ഒ ഷാബിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.