ആലുവ: മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ പിന്നിട്ടു. വർഷങ്ങളായി പലപ്പോഴും ലിഫ്റ്റ് പണിമുടക്കുന്നത് പതിവാണ്. ഒരിക്കൽ കേടായാൽ മാസങ്ങളോളം നിലച്ചുകിടക്കലാണ് പതിവ്. പിന്നീട്, ആരെങ്കിലും പ്രതിഷേധവുമായി രംഗത്തു വരുമ്പോൾ മാത്രമാണ് ഇത് നന്നാക്കൂ.
നിരവധി സർക്കാർ ഓഫിസുകൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ ആളുകളെത്തുന്ന ജോയന്റ് ആർ.ടി ഓഫിസ് അടക്കം പ്രധാന ഓഫിസുകളെല്ലാം മുകളിലെ നിലകളിലാണ്. ഭിന്നശേഷിക്കാരും വയോജനങ്ങളുമാണ് ലിഫ്റ്റ് ഇല്ലാത്തതിനാൽ ഏറെ ദുരിതം അനുഭവിക്കുന്നത്. ലിഫ്റ്റിന് 18 വർഷത്തിലധികം പഴക്കമുണ്ട്. അതിനാൽ ഇനിയും അറ്റകുറ്റപ്പണി നടത്തി പ്രവർത്തിപ്പിക്കുക സാധ്യമല്ലെന്ന് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ, നിലവാരം കുറഞ്ഞ ലിഫ്റ്റ് സ്ഥാപിച്ചതും കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതുമാണ് തുടർച്ചയായി തകരാറിലാവാൻ കാരണമെന്ന് ജീവനക്കാർ പറയുന്നു. അൻവർ സാദത്ത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് പുതിയ ലിഫ്റ്റ് സ്ഥാപിക്കാൻ പത്തുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇത് സ്ഥാപിക്കാൻ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.