മരട്: മാങ്കായിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം ശോച്യാവസ്ഥയിൽ. കാലവർഷം ശക്തിപ്പെട്ടതോടെ കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങി. സ്കൂൾ അധികൃതരുടെ നിരന്തര സമ്മർദത്തെ തുടർന്ന് നഗരസഭ കെട്ടിടത്തിന്റെ മേൽക്കൂരക്ക് മുകളിൽ വിരിക്കാൻ ടാർപോളിൻ വാങ്ങി നൽകിയെങ്കിലും വലിച്ചുകെട്ടാൻ അധ്യാപകർ മുകളിൽ കയറേണ്ടി വന്നു. നിലവിൽ ടാർപോളിൻ വലിച്ചുകെട്ടിയാണ് അധ്യയനം നടത്തുന്നത്.
ക്ലാസ് മുറിയിലെ സീലിങ്ങുകൾ പലതും നിലംപതിക്കാറായി. ക്ലാസ് മുറികളിൽ പ്രവേശിക്കുന്ന മരപ്പട്ടികൾ മലമൂത്ര വിസർജനം ചെയ്ത് മുറികൾ വൃത്തികേടാക്കിയിരിക്കുകയാണ്. നഗരസഭയുടെ അനാസ്ഥയെ തുടർന്നാണ് സ്കൂൾ കെട്ടിടം ശോച്യാവസ്ഥയിലായതെന്ന് എൽ.ഡി.എഫ് ആരോപിച്ചു. അറ്റകുറ്റപ്പണിക്കായി അഞ്ചുലക്ഷം രൂപ വകയിരുത്തിയെങ്കിലും പ്രവൃത്തികൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ആവശ്യമായ ഇടപെടൽ നടത്താൻ എം.എൽ.എയുടെ ഭാഗത്തുനിന്നു നടപടി ഉണ്ടായിട്ടില്ല. ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്കൂൾ സന്ദർശിച്ച എൽ.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. പാർലമെന്ററി പാർട്ടി ലീഡർ സി.ആർ. ഷാനവാസ്, കൗൺസിലർമാരായ ദിഷ പ്രതാപൻ, ഇ.പി. ബിന്ദു, ഉഷ സഹദേവൻ, സി.ടി. സുരേഷ്, ശാലിനി അനിൽരാജ് എന്നിവർ പങ്കെടുത്തു.