കൊച്ചി: നഗരത്തിലെയും സമീപങ്ങളിലെയും വെള്ളക്കെട്ട് വലിയ രാഷ്ട്രീയ വിവാദങ്ങൾ തീർക്കുന്നതിനിടെ വിഷയം ചർച്ച ചെയ്യാൻ വിളിച്ച കോർപറേഷൻ കൗൺസിൽ യോഗവും പ്രതിഷേധത്തിൽ മുങ്ങി. കൊച്ചിയിലെ വെള്ളക്കെട്ടിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം കൗൺസിൽ ഹാളിനകത്തും പുറത്തും അഴിച്ചുവിട്ടത്. പ്രതിഷേധത്തിനിടെ മേയർ എം. അനിൽകുമാർ ഡയസിൽനിന്ന് ഇറങ്ങിപ്പോയി.
കൊച്ചി നഗരസഭ റൂം ഫോർ റിവർ എന്നെഴുതിയ വഞ്ചിയുടെ മാതൃക ഉയർത്തിപ്പിടിച്ചായിരുന്നു യു.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധം. മേയർക്കെതിരെയുള്ള മുദ്രാവാക്യങ്ങളും കൗൺസിൽ ഹാളിൽ നിറഞ്ഞു. ഇതിനെ എതിർത്തും മേയറെ അനുകൂലിച്ചും ഭരണകക്ഷി അംഗങ്ങൾ രംഗത്തെത്തി.
അഞ്ചുദിവസം മുമ്പ് ചോദ്യങ്ങൾ നൽകിയിട്ടും മേയർ മറുപടി നൽകാതിരുന്നത് ഭരണപരാജയമാണെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു.
80 ശതമാനം വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾ നടത്തിയെന്ന് അവകാശപ്പെടുമ്പോൾ ഈ വർഷം എത്ര തുക ചെലവാക്കിയെന്നും എത്ര പ്രവൃത്തികൾക്ക് എൻജിനീയറിങ് വിഭാഗം കംപ്ലീഷൻ നൽകിയിട്ടുണ്ടെന്നും മേയർ മറുപടി പറയണം. വാർഡുകളിലെ ചെറിയ ഓടകൾ കോരാൻ മൂന്നുലക്ഷം അനുവദിച്ചെന്നാണ് മേയർ ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ, ഇതിലെത്ര വർക്കുകൾ ടെൻഡർ ചെയ്തു എന്നും എത്രയെണ്ണം പൂർത്തീകരിച്ചെന്നും മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതിനെതിരെ മേയർ കണക്കുകളുമായി രംഗത്തെത്തി.
ഉണ്ടായത് മേഘവിസ്ഫോടന സമാന മഴ -മേയർ
കൊച്ചി നഗരത്തിൽ മേഘവിസ്ഫോടനത്തിനു സമാനമായ മഴയാണ് പെയ്തതെന്നും എന്നാൽ, പ്രതിപക്ഷം കക്ഷിരാഷ്ട്രീയം മുൻനിർത്തിയാണ് സംസാരിക്കുന്നതെന്നും മേയർ പറഞ്ഞു. അതിനു മുന്നിൽ കീഴടങ്ങില്ല. വെള്ളക്കെട്ടിന്റെ പ്രശ്നങ്ങൾ പെരുമാറ്റച്ചട്ട കാലാവധിക്കുശേഷം ഗൗരവമായി ചർച്ച ചെയ്യും.
മുല്ലശ്ശേരി കനാലിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തതാണ് എറണാകുളം സൗത്തിൽ വെള്ളക്കെട്ടുണ്ടാക്കുന്നത്. പനമ്പിള്ളി നഗറിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ തേവര-പേരണ്ടൂർ കനാലിലെ പ്രശ്നങ്ങൾ പരിഹരിക്കണം. പുതുതായി എത്തുന്ന സിൽറ്റ് പുഷർ ഉപയോഗിച്ച് ചളി നീക്കുന്നതോടെ ഇതിന് പരിഹാരമാവും. നഗരത്തിലെ ഓടകളിൽ മാലിന്യം കൂടകളിലാക്കി തള്ളുന്നത് വർധിക്കുകയാണ്, ഇത് അനുവദിക്കാനാവില്ലെന്നും മേയർ കൂട്ടിച്ചേർത്തു.
മേയർ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നു -പ്രതിപക്ഷം
വെള്ളക്കെട്ട് നിവാരണ പ്രവർത്തനത്തിന്റെ പ്രധാന പ്രവൃത്തികൾക്കുപോലും വർക്ക് ഓർഡർ നൽകിയിട്ടില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പെട്ടിയും പറയും പ്രവർത്തിപ്പിക്കാൻപോലും വർക്ക് ഓർഡർ നൽകാതെയാണ് മേയർ 80 ശതമാനം വെള്ളക്കെട്ട് നിവാരണ പ്രവൃത്തികൾ തീർത്തുവെന്ന് പറയുന്നത്. ഇത് വസ്തുതാവിരുദ്ധമാണെന്നും വലിയ തോടുകളായ ഇടപ്പള്ളി തോട്, തേവര-പേരണ്ടൂർ കനാൽ തുടങ്ങിയ തോടുകളിൽനിന്നും ഇപ്പോഴും ചളിനീക്കം ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.
ഇതിനെല്ലാം വീഴ്ചവരുത്തിയ മേയർക്ക് എന്താണ് പണിയെന്ന് ആരെങ്കിലും ചോദിച്ചാൽ ഉത്തരവാദിത്തത്തിൽനിന്നും ഒഴിഞ്ഞുമാറി ഇറങ്ങിപ്പോകുന്ന പ്രവണതയാണ് മേയർ കാണിക്കുന്നതെന്നും ഈ കൗൺസിലിലും ഇതുതന്നെയാണ് മേയർ കാണിച്ചതെന്നും പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ, പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ എന്നിവർ ആരോപിച്ചു.