മൂവാറ്റുപുഴ: രണ്ടുകോടി രൂപ ചെലവിൽ നഗരസഭ നിർമിച്ച ആധുനിക മത്സ്യമാർക്കറ്റ് തെരുവുനായ് ഷെൽട്ടറായി. ടൗണിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ വ്യാഴാഴ്ച നാട്ടുകാരെ ആക്രമിച്ച വളർത്തുനായ് പേവിഷബാധയെ തുടർന്ന് ഞായറാഴ്ച ചത്തിരുന്നു. ഇതോടെയാണ് നായുമായി സമ്പർക്കത്തിലേർപ്പെട്ട തെരുവുനായ്ക്കളെ പിടികൂടി നിരീക്ഷിക്കുന്നതിനായി കൂടൊരുക്കിയത് ഒന്നര പതിറ്റാണ്ടായി ഉപയോഗശൂന്യമായി കിടക്കുന്ന നഗരസഭയുടെ മത്സ്യ മാർക്കറ്റിലാണ്. തിങ്കളാഴ്ച വൈകീട്ടാണ് മാർക്കറ്റ് കെട്ടിടത്തിൽ തെരുവുനായ്ക്കൾക്കായി കുടൊരുക്കിയത്. തുടർന്ന് ചൊവ്വാഴ്ച രാവിലെ മുതൽ പിടികൂടിയ തെരുനായ്ക്കളെ ഇവിടെ കൊണ്ടുവന്നിടുകയായിരുന്നു . ഇവയെ 15 ദിവസത്തോളം നിരീക്ഷിച്ച ശേഷം തുടർ നടപടി സ്വീകരിക്കും.
ഒന്നര പതിറ്റാണ്ട് മുമ്പ് നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ മത്സ്യ മാർക്കറ്റ് ഇത് വരെ തുറന്നിട്ടില്ല. മാർക്കറ്റ് കുറെ കാലമായി സാമൂഹികവിരുദ്ധരുടെ താവളമാണ്. മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപം ഒരേക്കറോളം സ്ഥലത്താണ് തീരദേശ കോര്‍പറേഷന്റെ സഹകരണത്തോടെ മൽസ്യ മാര്‍ക്കറ്റ് നിർമിച്ചത്. 2009 ല്‍ കേന്ദ്ര സര്‍ക്കാര്‍ നൽകിയ തുക കൊണ്ടാണ് നിര്‍മാണം തുടങ്ങിയത്. 2014ൽ കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും തുറന്നുകൊടുത്തില്ല. വർഷങ്ങളോളം അടച്ചുപൂട്ടിയിട്ടതോടെ ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മാർക്കറ്റിലെ പല ഉപകരണങ്ങളും സാമൂഹിക വിരുദ്ധർ അഴിച്ചു വിറ്റു. മാർക്കറ്റിലെ ഇലക്ട്രിക് ഉപകരണങ്ങളും ഫ്രീസറിന്റെ ഭാഗങ്ങളുമടക്കമാണ് സാമൂഹിക വിരുദ്ധർ തകർത്തുകൊണ്ടുപോയത്.
ലക്ഷങ്ങൾ വിലമതിക്കുന്ന ശീതീകരണ സംവിധാനങ്ങളെല്ലാം കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറി നശിക്കുകയും ചെയ്തു. നേരത്തെ ഒരു വാച്ചറെ ഇവിടെ നിയമിച്ചിരുന്നെങ്കിലും അജ്ഞാത കാരണങ്ങളാൽ ഇവിടെ നിന്നും മാറ്റിയത് സാമൂഹികവിരുദ്ധർക്ക് ഗുണകരമായി.