കാക്കനാട്: വാഴക്കാലയിൽ വിൽപനക്കെത്തിച്ച ഏഴുകിലോ കഞ്ചാവ് പിടികൂടി. ഒഡിഷ സ്വദേശികളായ രമാകാന്ത് (27), ലോചൻ സ്വയിൻ (23) എന്നിവരെയാണ് യോദ്ധാവ് ടീമും തൃക്കാക്കര പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടിയത്.
വാഴക്കാല ഓലിക്കുഴിയിൽ വാടകക്ക് താമസിക്കുന്ന ഇരുവരും ഒന്നരമാസം മുമ്പ് ഒഡിഷയിലേക്ക് മടങ്ങിപ്പോയിരുന്നു. തിരിച്ച് വരുംവഴി വിൽപനക്കായി ട്രെയിനിൽ ഏഴുകിലോ കഞ്ചാവ് എത്തിക്കുകയായിരുന്നു. ഒഡിഷയിൽനിന്ന് ഒരുകിലോ കഞ്ചാവ് 1000 രൂപക്ക് വാങ്ങി കൊച്ചിയിലെത്തിച്ച് 17,000 രൂപക്ക് വിൽക്കുകയായിരുന്നു പതിവ്. നാട്ടിലേക്ക് തിരിച്ചു പോയതുമുതൽ ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ഞായറാഴ്ച പുലർച്ചയോടെ ട്രെയിനിൽ കൊച്ചിയിലെത്തിയ ഇവരെ പിന്തുടർന്ന യോദ്ധാവ് ടീം അംഗങ്ങൾ വാഴക്കാല ഓലിക്കുഴിയിലെ വാടകവീട് വളഞ്ഞ് പിടികൂടുകയായിരുന്നു. ഇവർ താമസിച്ച റൂമിൽനിന്ന് മൂന്ന് കിലോ കഞ്ചാവും തൊട്ടടുത്ത് ഒഴിഞ്ഞുകിടന്ന മുറിയിൽനിന്ന് നാല് കിലോ കഞ്ചാവും കണ്ടെടുത്തു.